തിരുവനന്തപുരം: നികുതി ചോർച്ച തടയാൻ ധനമന്ത്രി ബഡ്ജറ്റിൽ പൊതുജനങ്ങൾക്കായി ലക്കി ബിൽ സ്കീം പ്രഖ്യാപിച്ചു. ലക്കി ബിൽ സ്കീം എന്ന പേരിൽ ഒരു മൊബൈൽ ആപ്ളിക്കേഷനാണ് പുറത്തിറക്കുന്നത്. ബിൽ ഫോട്ടോയെടുത്ത് മൊബൈൽ ആപ്പിൽ ഇട്ടാൽ സമ്മാനം കിട്ടും. ഇതാണ് ലക്കി ബിൽ സ്കീം. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ ബിൽ ചോദിച്ചുവാങ്ങാൻ പൊതുജനങ്ങളെ പ്രേരിപ്പിക്കാനാണിത്. മാത്രമല്ല ബിൽ കിട്ടിയാൽ ചരക്കുസേവന നികുതി വകുപ്പിന് നികുതിദായകരുടെ റിട്ടേൺ ഫയലിംഗ് സ്റ്റാറ്റസ് പരിശോധിക്കാൻകഴിയുമെന്ന നേട്ടവുമുണ്ട്. ഇതിനായി അഞ്ച് കോടിരൂപ ബഡ്ജറ്റിൽ നീക്കിവെച്ചിട്ടുണ്ട്.