
കൊച്ചി: ഒരു കുടുംബത്തിലെ 59 പേർ അഭിനയിക്കുകയെന്ന അപൂർവനേട്ടം കൈവരിച്ച ഹ്രസ്വ സിനിമ 'പൊളിറ്റിക്കൽ കറക്ട്നസ്' ഏഷ്യൻ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടംപിടിച്ചു. എ.വി.എ പ്രൊഡക്ഷൻസിന്റെ ബാനറിൽ വ്യവസായി എ.വി. അനൂപ് നിർമ്മിച്ച് നായകവേഷം അഭിനയിച്ച സിനിമ, കുടുംബാംഗമായ സന്ദീപാണ് സംവിധാനം ചെയ്തത്.
കൊച്ചിയിലെ ചടങ്ങിൽ ഏഷ്യൻ ബുക്കിന്റെ അംഗീകാരപത്രം എ.വി. അനൂപ്, സന്ദീപ് എന്നിവർ ഏറ്റുവാങ്ങി. ഏഷ്യൻ ബുക്ക് പ്രതിനിധി ആർ. വിവേക്, ആർ.എൽ. ബൈജു എന്നിവരും പങ്കെടുത്തു.
അച്ഛന്റെ കുടുംബാംഗങ്ങളാണ് അഭിനേതാക്കളെന്ന് എ.വി. അനൂപ് പറഞ്ഞു. 5 മുതൽ 88 വയസുകാർ വരെയുണ്ട്, അഭിനേതാക്കളുടെ നിരയിൽ. എ.വി. അനൂപ് ഒഴികെ മറ്റാരും മുമ്പ് അഭിനയിച്ചിട്ടില്ല. ഗാനം രചിച്ച ദുർഗ അരവിന്ദും കുടുംബാംഗമാണ്. കൗമുദി ടിവി ഫെബ്രുവരി 27ന് സിനിമ സംപ്രേഷണം ചെയ്തിരുന്നു. എ.വി.എ പ്രൊഡക്ഷൻസിന്റെ യൂട്യൂബ് ചാനലിൽ ഒന്നര ലക്ഷം പേർ സിനിമകണ്ടു. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലും പ്രദർശിപ്പിക്കും. തന്റെ അമ്മയുടെ കുടുംബാംഗങ്ങളെ ഉൾപ്പെടുത്തിയും സിനിമ നിർമ്മിക്കുമെന്ന് അനൂപ് പറഞ്ഞു.