mp-ahammed

കോഴിക്കോട്: നികുതിവെട്ടിപ്പ് തടഞ്ഞ് സംസ്ഥാനത്തിന്റെ നികുതിവരുമാനം കൂട്ടാനുള്ള നടപടികൾ ബഡ്‌ജറ്റിലില്ലെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. നികുതി നൽകുന്നവരും നൽകാത്തവരും തമ്മിലുള്ള കിടമത്സരമാണ് ഇപ്പോൾ നടക്കുന്നത്.

നികുതിവെട്ടിപ്പ് തടയാൻ ഉത്‌പാദനം മുതൽ ഉപഭോക്താവിന്റെ കൈകളിൽ എത്തുംവരെ ഡിജിറ്റൽ മോണിറ്ററിംഗ് സംവിധാനം നടപ്പാക്കണം. നിലവിലുള്ള നികുതികൾ കാര്യക്ഷമമായി പിരിച്ചെടുത്താൽ തന്നെ നികുതിവരവിൽ ഇപ്പോൾ ലഭിക്കുന്നതിന്റെ 100 ശതമാനത്തിനടുത്ത് വർദ്ധന നേടാം.

25 വർഷത്തിനകം കേരളത്തെ വികസിതരാജ്യങ്ങളുടെ നിലവാരത്തിലേക്ക് എത്തിക്കുമെന്ന പ്രഖ്യാപനം ഏറെ പ്രതീക്ഷ നൽകുന്നതാണ്. സിൽവർലൈന് ഭൂമി ഏറ്റെടുക്കാൻ 2,000 കോടി രൂപ നീക്കിവച്ചതും റോഡുകൾക്കും പാലങ്ങൾക്കും വലിയതുക വകയിരുത്തിയതും അടിസ്ഥാനസൗകര്യ വികസനത്തെ പ്രോത്സാഹിപ്പിക്കും.

സ്വകാര്യ വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ 25 കോടി രൂപയേ നീക്കിവച്ചിട്ടുള്ളൂ. ഇത് അപര്യാപ്തമാണ്. 'മെയ്‌ക്ക് ഇൻ ഇന്ത്യ, മാർക്കറ്റ് ടു ദ വേൾഡ്" എന്ന നയമാണ് ഉത്പാദനമേഖലയിൽ സർക്കാർ നടപ്പാക്കേണ്ടത്. കാർഷിക മേഖലയ്ക്ക് വലിയ പരിഗണനയുണ്ട്. കൂടുതൽ ഭൂമി കൈവശമുള്ള കർഷകരും തോട്ടം മേഖലയുമെല്ലാം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇതിന് പരിഹാരം ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.