
ലാപാസ്: ലോകം ആരാധിക്കുന്ന ക്യൂബൻ കമ്മ്യൂണിസ്റ്റ് വിപ്ലവ നായകൻ ചെ ഗുവേരയെ വെടിവച്ച് കൊലപ്പെടുത്തിയ ബൊളീവിയൻ സൈനികൻ മാരിയോ ടെറാൻ സലാസർ (80) നിര്യാതനായി. കിഴക്കൻ ബൊളീവിയയിലെ സാന്താക്രൂസ് ഡി ലാ സിയേറയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യമെന്ന് ബന്ധുക്കൾ അറിയിച്ചു.സുരക്ഷാ കാരണങ്ങളാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
1967 ഒക്ടോബർ 9നാണ് ചെ ഗുവേരയെ ബൊളീവിയൻ പ്രസിഡന്റ് റെനെയുടെ ഉത്തരവ് പ്രകാരം മാരിയോ ടെറാൻ വെടിവച്ച് കൊന്നത്. സി.ഐ.എ നിയോഗിച്ച ക്യൂബൻ ചാരന്മാരുടെ രഹസ്യ വിവരപ്രകാരം ഒക്ടോബർ 8ന് ചെഗുവേരയെയും സംഘത്തെയും വളഞ്ഞ ബൊളീവിൻ സൈന്യം ഏറ്റുമുട്ടലിലൂടെയാണ് പിടികൂടിയത്. ചെ ഗുവേരയ്ക്ക് അന്ന് പരിക്കേറ്റിരുന്നു. കൊല്ലപ്പെടുമ്പോൾ 39 വയസ് മാത്രമായിരുന്നു പ്രായം.
'നിങ്ങൾ ഒരു മനുഷ്യനെയാണ് കൊല്ലാൻ പോകുന്നത്. കണ്ണിലേക്ക് നോക്കി വെടിവയ്ക്കൂ' എന്ന് ചെ ഗുവേര അന്ന് പറഞ്ഞതായി ടെറാൻ പിന്നീട് വെളിപ്പെടുത്തിയിരുന്നു. 30 വർഷത്തെ സൈനിക സേവനത്തിന് ശേഷം വിരമിച്ച ടെറാൻ മാദ്ധ്യമങ്ങളിൽ നിന്ന് അകൽച്ച പാലിച്ചിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്.