ipl

മുംബയ്: കൊവിഡ് മഹാമാരിയും റഷ്യ - യുക്രെയിൻ യുദ്ധവും കാരണം ലോകം എങ്ങും സാമ്പത്തിക പ്രതിസന്ധിയിൽ ആയിരിക്കുമ്പോൾ പോലും കോടികളാണ് ബി സി സി ഐ കൈകാര്യം ചെയ്യുന്നത്. ഈ മാസം അവസാനത്തോടെ ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിലെ പരസ്യ വരുമാനത്തിൽ നിന്ന് മാത്രം ക്രിക്കറ്റ് ബോർഡിന് ലഭിക്കുക 800 കോടി രൂപയാണ്. കളികളുടെ ബ്രോഡ്കാസ്റ്റിംഗ് അവകാശങ്ങൾക്ക് പുറമേയാണ് ഇത്ര വലിയ തുക ബി സി സി ഐക്ക് ലഭിക്കുന്നത്. 2008ൽ ഐ പി എൽ ആരംഭിച്ചതിന് ശേഷം ഇതാദ്യമായിട്ടാണ് ബി സി സി ഐക്ക് ഇത്രയും വലിയ തുക സ്പോൺസർഷിപ്പിലൂടെ ലഭിക്കുന്നത്.

കഴിഞ്ഞ കൊല്ലം സ്പോൺസർ ആയിരുന്ന വിവോയ്ക്ക് പകരമായി ഇക്കൊല്ലം ടാറ്റ എത്തിയിരുന്നു. വിവോ ബി സി സി ഐക്ക് 400 കോടി വച്ചാണ് പ്രതിവർഷം നൽകിയിരുന്നതെങ്കിൽ ടാറ്റ 335 കോടിയാണ് നൽകുക. മുഖ്യ സ്പോൺസർഷിപ്പിൽ ഇത്രയേറെ തുകയുടെ കുറവ് വന്നിട്ടും അത് മറികടക്കാൻ ബി സി സി ഐക്ക് സാധിക്കുന്നത് ഇക്കൊല്ലം സ്പോൺസർമാരുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവാണ്. ടാറ്റയ്ക്ക് പുറമേ പണമിടപാട് ആപ്ളിക്കേഷനായ റുപേയുമായി 42 കോടിയുടെ കരാറും, സ്വിഗ്ഗി ഇൻസ്റ്റാസ്മാർട്ടുമായി 44 കോടി രൂപയുടെ കരാറും ബി സി സി ഐ ഇത്തവണ രൂപീകരിച്ചിരുന്നു. ഇതിനു പുറമേ മറ്റ് ചില സ്പോൺസർമാരെയും കണ്ടെത്തിയതിനാലാണ് 800 കോടിക്കു മേലെ തുക കണ്ടെത്താൻ ബി സി സി ഐക്ക് സാധിക്കുന്നത്. കരാറിൽ നിന്ന് പിന്മാറുന്നതിന് പകരമായി ഇക്കൊല്ലത്തെ ഐ പി എല്ലിന് 484 കോടിയും അടുത്ത കൊല്ലത്തെ ഐ പി എല്ലിന് 512 കോടി രൂപ വിവോയും ബി സി സി ഐക്ക് നൽകേണ്ടി വരും.