
ഒന്നാം പാദ സെമിയിൽ ബ്ലാസ്റ്റേഴ്സിന് ജയം ജംഷഡ്പൂരിനെ കീഴടക്കിയത് 1-0ത്തിന്
വിജയഗോൾ നേടിയത് സഹദ് അബ്ദുൾ സമദ്  രണ്ടാം പാദ സെമി 15ന്
ഫറ്റോർഡ: ലീഗ് ചാമ്പ്യൻമാരായ ജംഷഡ്പൂരിനെ ഒന്നാം പാദസെമിയിൽ കീഴടക്കി ഫൈനൽ പ്രതീക്ഷകൾ സജീവമാക്കി കേരള ബ്ലാസ്റ്റേഴ്സ്. വാശിയേറിയ പോരാട്ടത്തിന്റെ 38-ാം മിനിട്ടിൽ മലയാളി താരം സഹൽ അബ്ദുൾ സമദാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ നേടിയത്.
ഇത്തവണ ലീഗ് ഘട്ടത്തിൽ രണ്ട് തവണയും ജംഷഡ്പൂരിനോട് ജയിക്കാൻ കഴിയാതിരുന്ന ബ്ലാസ്റ്റേഴ്സ് എന്നാൽ ആദ്യപാദ സെമിയിൽ നിർണായക ജയം സ്വന്തമാക്കുകയായിരുന്നു. 15നാണ് രണ്ടാം പാദ സെമി മത്സരം. ആ മത്സരത്തിൽ സമനില നേടയാൽ പോലും ബ്ലാസ്റ്റേഴ്സിന് ഫൈനലുറപ്പിക്കാം.
തുടക്കം മുതൽ ഇരുടീമും ആക്രമണം തുടങ്ങി. ജംഷഡ്പൂരായിരുന്നു കൂടുതൽ മുന്നേറ്റങ്ങൾ നെയ്തെടുത്തത്. അഞ്ചാം മിനിട്ടിൽ തന്നെ ജംഷഡ്പൂർ കോർണർ സ്വന്തമാക്കിയെങ്കിലും മുതലാക്കാനായില്ല. 10, 20 മിനിട്ടുകളിൽ ജംഷഡ്പൂരിന് ലഭിച്ച അവസരങ്ങൾ ഡാനിയേൽ ചുക്കു നഷ്ടപ്പെടുത്തി. ഇരുപത്തിയഞ്ചാം മിനിട്ടിൽ ബ്ലാസ്റ്റേഴ്സിന്റെ മനോഹര നീക്കം കണ്ടു. ലൂണയുടെ ഒന്നാന്തരം കോർണർ ജംഷഡ്പൂർ പ്രതിരോധതാരം ഹാർട് ലി തലകൊണ്ട് തട്ടിക്കളഞ്ഞു. വീണ്ടും കോർണർ. പുയ്ട്ടിയ എടുത്തു. പ്രതിരോധത്തിൽ തട്ടിത്തെറിച്ച പന്ത് ഡയസിന് കിട്ടിയെങ്കിലും ലക്ഷ്യത്തിലേക്ക് തൊടുക്കാനായില്ല
ഇതിനിടെ പരിക്കേറ്റ ലെൻ ഡുംഗൽ മടങ്ങിയത് ജംഷഡ്പൂരിന് തിരിച്ചടിയായി. മൊബഷീർ റഹ്മാനാണ് പകരമെത്തിയത്. 34-ാം മിനിട്ടിൽ സ്റ്റുവർട്ടിന്റെ ട്രിക്കി ഫ്രീകിക്കിൽ നിന്ന് ഗോൾ നേടാനുള്ള അവസരം മൊബഷീറും കളഞ്ഞുകുളിച്ചു.
38-ാം മിനിട്ടിൽ ബ്ലാസ്റ്റേഴ്സ് കാത്തിരുന്ന നിമിഷമെത്തി. സഹലിലൂടെ കേരളത്തിന് ലീഡ്. ജംഷഡ്പൂരിന്റെ റിക്കിയുടെ പിഴവും ബ്ലാസ്റ്റേഴ്സിന്റെ ഗോളിന് പിന്നിലുണ്ട്. സഹലിനെ ലക്ഷ്യമാക്കി വാസ്ക്വസ് നീട്ടി ഉയർത്തി നൽകിയ പാസ് റിക്കി തലകൊണ്ട് തട്ടിക്കളയാൻ ശ്രമിച്ചെങ്കിലും പന്തെത്തിയത് മുന്നോട്ട് ഓടിയെത്തിയ സഹലിന്റെ അടുത്തേക്ക്. അഡ്വാൻസ് ചെയ്ത് വന്ന ജംഷഡ്പൂരിന്റെ മലയാളി ഗോളി ടി.പി രഹനേഷിന്റെ തലയ്ക്ക് മുകളിലൂടെ സഹൽ പന്ത് വലയിലെത്തിക്കുകയായിരുന്നു. രണ്ടാം പകുതിയിലും ആക്രമണം ഇരുടീമും തുടർന്നു.ലൂണയുടെ ഫ്രീകിക്ക് പോസ്റ്റിൽ തട്ടി തെറിച്ചത് ബ്ലാസ്റ്റേഴ്സിന് ലീഡ് ഉയർത്താനുള്ള അവസരം നഷ്ടമാക്കി.
ഹൈദരാബാദ്- 
ബഗാൻ.
ഇന്ന് നടക്കുന്ന ഒന്നാം പാദ സെമിയിൽ ഹൈദരാബാദ് എഫ്.സിയും മോഹൻ ബഗാനും തമ്മിൽ ഏറ്റുമുട്ടും. രാത്രി 7.30 മുതൽ ബാംബോലിമ്മിലെ ജി.എം.സി അത്ലറ്റിക് സ്റ്റേഡിയത്തിലാണ് മത്സരം.
ലീഗ് ഘട്ടത്തിൽ ഹൈദരാബാദ് രണ്ടാമതും ബഗാൻ മൂന്നാമതുമാണ് ഫിനിഷ് ചെയ്തത്.
ലൈവ്: സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്ട് സ്റ്റാറിലും.