
ന്യൂഡൽഹി: ഉത്തർപ്രദേശിലും പഞ്ചാബിലും ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ സമ്പൂർണ പരാജയമായതോടെ കോൺഗ്രസിനുള്ളിൽ വീണ്ടും വിമതശബ്ദം ഉയർന്നു തുടങ്ങി. ജി 23 എന്നറിയപ്പെടുന്ന വിമത നേതാക്കൾ ഇന്ന് ഗുലാം നബി ആസാദിന്റെ വീട്ടിൽ യോഗം ചേരുകയും നേതൃമാറ്റം അനിവാര്യമാണെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
നേതൃമാറ്റം ഉൾപ്പെടെ മൂന്ന് പ്രധാന ആവശ്യങ്ങളാണ് വിമത നേതാക്കന്മാർ മുന്നോട്ട് വയ്ക്കുന്നത്. കോൺഗ്രസ് നേതൃനിരയിൽ നിന്ന് ഗാന്ധി കുടുംബം ഒഴിഞ്ഞു നിൽക്കുക, ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ സി വേണുഗോപാൽ രാജിവയ്ക്കുക എന്നിവയാണ് ഇവരുടെ മറ്റ് ആവശ്യങ്ങൾ. ഗാന്ധി കുടുംബത്തിന് പകരമായി അശോക് ഗെഹ്‌ലോട്ടിനെയോ ഖാർഗെയെയോ കോൺഗ്രസിന്റെ നേതൃസ്ഥാനം ഏൽപ്പിക്കണമെന്നും ജി 23 നേതാക്കന്മാർ ആവശ്യപ്പെട്ടുട്ടുണ്ട്. കോൺഗ്രസിൽ മാറ്റം അനിവാര്യമാണെന്നും എത്രയും പെട്ടെന്ന് പ്രവർത്തക സമിതി യോഗം വിളിച്ചുചേർക്കണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.
മുൻ രാജ്യസഭ എംപി ഗുലാം നബി ആസാദ്, കേന്ദ്ര മന്ത്രിമാരായിരുന്ന ആനന്ദ് ശർമ്മ, കപിൽ സിബൽ, മനീഷ് തിവാരി, ശശി തരൂർ, എംപി വിവേക് തൻഘ, എഐസിസി ഭാരവാഹികളായ മുകുൾ വാസ്നിക്, ജിതേന്ദ്ര പ്രസാദ്, മുതിർന്ന നേതാക്കളായ ഭുപീന്ദർ സിംഗ് ഹൂഡ, രാജേന്ദ്ര കൗർ ഭട്ടാൽ, എം വീരപ്പമൊയ്ലി, പൃഥ്വിരാജ് ചൗഹാൻ, പി ജെ കുര്യൻ, അജയ് സിംഗ്, രേണുക ചൗധരി, മിലിന്ദ് ദിയോറ, രാജ് ബബ്ബർ, അരവിന്ദ് സിംഗ് ലവ്ലി, കൗൾ സിംഗ് ഠാക്കൂർ, അഖിലേഷ് പ്രസാദ് സിംഗ്, കുൽദീപ് ശർമ്മ, യോഗാനന്ദ് ശാസ്ത്രി, സന്ദീപ് ദീക്ഷിത് എന്നിവരാണ് ജി 23 അംഗങ്ങൾ.