
കൊച്ചി: കലൂരിലെ ഹോട്ടലിൽ ഒന്നരവയസുകാരിയെ ബക്കറ്റിൽ മുക്കിക്കൊന്ന സംഭവത്തിൽ കുട്ടിയുടെ മുത്തശി സിപ്സിക്കെതിരെ (50) പൊലീസ് കേസെടുത്തു. അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ്. കുട്ടിയുടെ സംരക്ഷണത്തിൽ വീഴ്ച വരുത്തുകയും ലഹരിവില്പനയ്ക്കുൾപ്പെടെ കുട്ടികളെ മറയാക്കിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. കുട്ടിയുടെ സംരക്ഷണം എങ്ങനെ ഇവരുടെ കൈകളിൽ എത്തിയെന്ന് അന്വേഷിച്ചുവരികയാണ്.
അതേസമയം സിപ്സിക്ക് കൊലപാതകത്തിൽ പങ്കില്ലെന്ന് വ്യക്തമായിട്ടുണ്ട്. സംഭവം നടക്കുമ്പോൾ ഇവർ സ്ഥലത്തുണ്ടായിരുന്നില്ല. വിവരമറിഞ്ഞ് ഹോട്ടലിലെത്തുന്നതും കുട്ടിയുമായി ആശുപത്രിയിലേക്കു പോകുന്നതുമായ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അങ്കമാലി, ചെങ്ങമനാട്, കൊരട്ടി, തൃശൂർ, എറണാകുളം എന്നിവിടങ്ങളിൽ വിവിധ സ്റ്റേഷനുകളിൽ മോഷണം, കഞ്ചാവ് വില്പന തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയാണ് സിപ്സി. അങ്കമാലി പൊലീസ് സ്റ്റേഷനിലെ റൗഡിലിസ്റ്റിൽ പ്രധാനിയാണിവർ.
2021 ജനുവരിയിൽ അങ്കമാലിയിൽ സ്കൂട്ടർ യാത്രക്കാരിയെ നടുറോഡിൽ ഇടിച്ചുവീഴ്ത്തി വസ്ത്രങ്ങൾ വലിച്ചുകീറി ക്രൂരമായി മർദ്ദിച്ച കേസിൽ സിപ്സി അറസ്റ്റിലായിട്ടുണ്ട്. കൊച്ചിയിലെ വനിതാപൊലീസ് സ്റ്റേഷന്റെ ഓടുപൊളിച്ച് പുറത്തുകടക്കാൻ ശ്രമിച്ചതോടെയാണ് സിപ്സിക്കുമേൽ സിറ്റി പൊലീസിന്റെ ശ്രദ്ധപതിയുന്നത്. സിപ്സി മക്കളെ നിയമവിരുദ്ധപ്രവർത്തനങ്ങൾക്ക് മറയാക്കിയിരുന്നതായി കൊല്ലപ്പെട്ട നോറ മരിയയുടെ അമ്മ ഡിക്സി ആരോപിച്ചിരുന്നു. കേസിൽ റിമാൻഡിലായ ജോൺ ബിനോയ് ഡിക്രൂസിനായി കസ്റ്രഡി അപേക്ഷ നൽകും.
അങ്കമാലി പാറക്കടവ് കോടുശേരി മനന്താനത്തുവീട്ടിൽ സജീവിന്റെയും ഡിക്സിയുടെയും ഇളയമകൾ ഒരുവയസും എട്ടുമാസവും പ്രായമുള്ള നോറ മരിയയെയാണ് ജോൺ ബിനോയ് ഡിക്രൂസ് ബക്കറ്റിൽ മുക്കിക്കൊന്നത്.