
കൊടുങ്ങല്ലൂർ: യുവമോർച്ച നേതാവിന്റെ വീടിന് നേരെ ആക്രമണം. ആക്രമണത്തിൽ വീടിന്റെ രണ്ട് ജനൽ പാളികളുടെ ചില്ലുകൾ തകർന്നു. ചില്ലുകൊണ്ട് പരിക്കേറ്റ കുടുംബാംഗങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവമോർച്ച മേത്തല ഏരിയ പ്രസിഡന്റ് പാത്രക്കടവിൽ സുബിൻ കുമാറിന്റെ തിരുവഞ്ചിക്കുളം വാരിയം പറമ്പിലുള്ള വാടക വീടാണ് ഒരു സംഘം ആളുകൾ അടിച്ചുതകർത്തത്.
വെള്ളിയാഴ്ച പുലർച്ചെ ഒന്നേകാലോടെയായിരുന്നു ആക്രമണം. ചില്ല് കൊണ്ട് പരിക്ക് പറ്റിയ സുബിൻ കുമാറിന്റെ ഭാര്യ അഷിത (25), സുബിൻ കുമാറിന്റെ സഹോദരൻ സുബീഷിന്റെ ഭാര്യ ഉണ്ണിമായ (21) എന്നിവരാണ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്.
സംഭവം നടക്കുമ്പോൾ സുബിൻ കുമാറും സുബീഷും വീട്ടിലുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം ആനാപ്പുഴ ക്ഷേത്ര ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് സംഭവത്തിന് പിന്നിലെന്നും പറയപ്പെടുന്നു. ആക്രമണത്തിൽ ബി.ജെ.പി മേത്തല ഏരിയ യോഗം പ്രതിഷേധിച്ചു. ജിബി വേലിപറമ്പിൽ, മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ്, ജനറൽ സെക്രട്ടറി എൽ.കെ. മനോജ്, കെ.ആർ. വിദ്യാസാഗർ, അഡ്വ. ജിതിൻ ചെമ്പ്ര എന്നിവർ സംസാരിച്ചു.