
തൃപ്രയാർ: 1037 ലിറ്റർ വ്യാജമദ്യവും 1100 ലിറ്റർ സ്പിരിറ്റുമായി രണ്ട് പേരെ വാടാനപ്പിള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സച്ചിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ചൊവ്വൂർ സ്വദേശി ജിംസൺ, നന്ദിപുലം സ്വദേശി ഡിക്സൺ എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വലപ്പാട് മുരിയാംതോട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് സ്കോർപ്പിയോ കാറിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 270 ലിറ്റർ വ്യാജമദ്യം പിടികൂടിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ എറണാകുളം കുന്നത്തുനാട് താലൂക്കിൽ ഒക്കൽ ദേശത്ത് ഗോഡൗണിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 767 ലിറ്റർ മദ്യവും വ്യാജമദ്യ നിർമ്മാണത്തിനായി സൂക്ഷിച്ചിരുന്ന 1100 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തത്. പ്രിവന്റീവ് ഓഫീസർമാരായ ദക്ഷിണാമൂർത്തി, ഫാബിൻ പൗലോസ്, ഹരിദാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ വിനോജ്, മുജീബ് റഹ്മാൻ, അനീഷ് ഇ.പോൾ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.