
കൊച്ചി: ഇന്ത്യയുടെ വ്യാവസായിക ഉത്‌പാദന സൂചിക (ഐ.ഐ.പി) ജനുവരിയിലും കാഴ്‌ചവച്ചത് നിരാശപ്പെടുത്തുന്ന പ്രകടനം. ഒമിക്രോൺ പശ്ചാത്തലത്തിൽ പ്രാദേശികമായി പലയിടത്തും നിയന്ത്രണങ്ങൾ ഉണ്ടാവുകയും അത് ഉത്‌പന്ന ഡിമാൻഡിനെയും വിതരണശൃംഖലയെയും സാരമായി ബാധിച്ചതുമാണ് തിരിച്ചടിയായത്.
വെറും 1.3 ശതമാനമാണ് ജനുവരിയിലെ വളർച്ച. ഡിസംബറിൽ ഇത് 0.7 ശതമാനമായിരുന്നു. ജനുവരിയിൽ മാനുഫാക്‌ചറിംഗ് മേഖല 1.1 ശതമാനവും ഖനനം 2.8 ശതമാനവും വൈദ്യുതി 0.9 ശതമാനവും വളർച്ച രേഖപ്പെടുത്തി. കാപ്പിറ്റൽ ഗുഡ്‌സ് 1.4 ശതമാനവും കൺസ്യൂമർ ഡ്യൂറബിൾസ് 3.3 ശതമാനവും നെഗറ്റീവ് വളർച്ചയിലേക്ക് കൂപ്പുകുത്തി. കൺസ്യൂമർ നോൺ-ഡ്യൂറബിൾസ് വിഭാഗം 2.1 ശതമാനം വളർന്നു.
ക്രൂഡോയിൽ വിലക്കയറ്റം വരുംനാളുകളിൽ ഐ.ഐ.പിക്ക് കൂടുതൽ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തലുകൾ. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്‌പാദന (ജി.ഡി.പി) വളർച്ചയെയും കറന്റ് അക്കൗണ്ട് കമ്മിയെയും ഇത് സാരമായി ബാധിക്കും. എസ് ആൻഡ് പി 2022ലേക്ക് ക്രൂഡോയിൽ വില ബാരലിന് വിലയിരുത്തുന്നത് ഇപ്പോൾ 85 ഡോളറാണ്. 75 ഡോളറായിരിക്കുമെന്നായിരുന്നു ആദ്യ വിലയിരുത്തൽ.