
കൊടുങ്ങല്ലൂർ: കെ.എസ്.ഇ.ബി ലൈൻമാനെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. പനങ്ങാട് നെൽപ്പിണി സ്വദേശി കൂളിയേടത്ത് വീട്ടിൽ ഭരതനെയാണ് (57) മതിലകം ഇൻസ്പെക്ടർ ടി.കെ.ഷൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. മതിലകം കെ.എസ്.ഇ.ബി സെക്ഷനിലെ ലൈൻമാൻ ആലപ്പുഴ വണ്ടാനം സ്വദേശി കാട്ടൂക്കാരൻ വീട്ടിൽ ഓമനക്കുട്ടൻ (48) ഇരുപത്തഞ്ചാം കല്ല് പടിഞ്ഞാറ് ഭാഗത്ത് പോസ്റ്റിൽ കയറി ജോലിയെടുക്കുന്നതിനിടെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചത്. പ്രതിയുടെ വീട്ടിൽ കറണ്ട് പോയതിനെ തുടർന്നുണ്ടായ പ്രകോപനമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. എന്നാൽ ഇതേ സെക്ഷനിലെ രണ്ട് ജീവനക്കാരെ നേരത്തെ മർദ്ദിച്ച കേസിൽ പ്രതിയെന്ന് ആരോപിക്കപ്പെട്ട ആളെ അറസ്റ്റ് ചെയ്യാൻ പൊലീസിനായിട്ടില്ല.