
മുംബയ് : ബി.എസ്.പി നേതാവ് മായാവതിക്കും എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസിക്കും ഭാരത ര്തന നൽകണമെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് . ഉത്തർപ്രദേശിൽ ബി.ജെ.പിയുടെ ഭരണത്തുടർച്ചയ്ക്ക് മായാവതിയും അസദുദ്ദീൻ ഒവൈസിയും സഹായിച്ചിട്ടുണ്ടെന്ന് സഞ്ജയ് റാവത്ത് ആരോപിച്ചു. ബി.ജെ.പിക്ക് നൽകിയ സംഭാവനയ്ക്ക് ഇവർക്ക് പദ്മവിഭൂഷണും ഭാരതരത്‌നയും നൽകണമെന്നും അദ്ദേഹം പരിഹസിച്ചു.
യു.പി അവരുടെ സംസ്ഥാനമായിരുന്നു. എന്നിട്ടും അഖിലേഷ് യാദവിന്റെ സീറ്റ് മൂന്നിരട്ടി വർധിച്ചു. 42ൽനിന്ന് 125 ആയാണ് ഉയർന്നത്. മായാവതിയും ഒവൈസിയും ബി.ജെ.പിയുടെ വിജയത്തിന് സഹായിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അവർക്ക് പദ്‌മവിഭൂഷണും ഭാരതരത്‌നയും നൽകണം-റാവത്ത് പറഞ്ഞു.
ബി.ജെ.പിയുടെ മുഖ്യമന്ത്രി ഉത്തരാഖണ്ഡിൽ തോറ്റ കാര്യവും റാവത്ത് ചൂണ്ടിക്കാട്ടി. ഗോവയിൽ രണ്ട് ഉപമുഖ്യമന്ത്രിമാർ പരാജയം നേരിട്ടു. പഞ്ചാബിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രതിരോധ മന്ത്രിയും എല്ലാവരുമെത്തി അതിശക്തമായ പ്രചാരണം നടത്തിയിട്ടും എന്തുകൊണ്ട് തോറ്റു? യു.പിയും ഉത്തരാഖണ്ഡും ഗോവയും നേരത്തെ തന്നെ നിങ്ങളുടേതാണ്. അതുകൊണ്ട് വിഷയമില്ല. യു.പിയിൽ കോൺഗ്രസിനെയും ശിവസേനയെയും അപേക്ഷിച്ച് പഞ്ചാബിൽ നിങ്ങൾക്കാണ് വലിയ പരാജയമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.