
കണ്ണൂർ: ഡി.ഐ.ജിയുടെ ക്യാമ്പ് ഓഫീസ് വളപ്പിനുള്ളിൽ മരം മുറിക്കുന്നതിനിടെ നാശമുണ്ടാക്കിയ സംഭവത്തിൽ കോർപ്പറേഷൻ കരാറുകാരനെതിരെ കേസെടുത്ത് പൊലീസ്. അതീവ സുരക്ഷാ മേഖലയിൽ അതിക്രമിച്ചു കയറിയതിനു കണ്ണൂർ കോർപ്പറേഷൻ കരാറുകാരനായ എം.കെ. ജോഷിബിനെതിരെയാണ് ടൗൺ പൊലീസ് കേസെടുത്തത്.
അധികാര ദുർവിനിയോഗമാണ് നടന്നിരിക്കുന്നതെന്ന് മേയർ ടി.ഒ മോഹനൻ പറഞ്ഞു. കഴിഞ്ഞദിവസം രാവിലെയാണ് കോർപ്പറേഷൻ ആസ്ഥാന മന്ദിരം നിർമ്മാണത്തിന് മുന്നോടിയായി കോർപ്പറേഷൻ വളപ്പിലെ മരം മുറിച്ചുനീക്കിയത്. ഇതിനിടെ ഡി.ഐ.ജിയുടെ ക്യാമ്പ് ഓഫീസിന്റെ ഷീറ്റിന് മുകളിൽ ചില്ലകൾ വീണതാണ് പ്രശ്നത്തിന് തുടക്കം. ക്യാമ്പ് ഓഫീസിന്റെ ചുറ്റുമതിലിന്റെ മേൽ ഘടിപ്പിച്ചിട്ടുള്ള അലൂമിനിയം ഷീറ്റിന്റെ മുകളിൽ മരങ്ങൾ അലക്ഷ്യമായി മുറിച്ചിട്ട് നാശനഷ്ടം വരുത്തിയെന്നാണ് പരാതി.
സംഭവത്തിൽ സി.ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലാണ് പ്രാഥമിക അന്വേഷണം നടത്തിയത്. യാതൊരു മുന്നറിയിപ്പുമില്ലാതെയും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെയുമാണ് മരം മുറിച്ചതെന്നു അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. മനുഷ്യജീവൻ അപകടത്തിലാക്കും വിധമാണ് അഞ്ചു പൊലീസുകാർ ജോലിചെയ്യുന്ന ക്യാമ്പ് ഓഫീസിന് സമീപം മരംമുറി യന്ത്റം പ്രവർത്തിപ്പിച്ചതെന്നും ,2000 രൂപയുടെ നാശനഷ്ടമാണ് ഇവർ വരുത്തിയതെന്നും പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാവിലെ തൊഴിലാളികൾ ജോലിക്കെത്തിയപ്പോൾ ആറു തൊഴിലാളികളെയും അവരുടെ ടിപ്പറും കണ്ണൂർ ടൗൺ സി.എെ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുക്കുകയും തുടർന്ന് മേയറുടെ ഇടപെടലിലൂടെ ഇവരെ വിട്ടയക്കുകയും ചെയ്തിരുന്നു. അതിനിടെ ഡി.ഐ.ജിയുടെ ക്യാമ്പ് ഓഫീസിനു മുന്നിൽ തൊഴിലാളികളെ വെയിലത്ത് മണിക്കൂറുകളോളം നിർത്തിയതും പ്രതിഷേധത്തിനിടയാക്കി.
ഡി.ഐ.ജി പദവിയിലിരുന്ന് നടത്തുന്നത് അധികാര ദുർവിനിയോഗമാണ്. ഈ ഉദ്യോഗസ്ഥന്റെ പൂർവകാല ചരിത്രം പരിശോധിച്ചാൽ അതു വ്യക്തമാകും. ഇത്തരം ഉദ്യോഗസ്ഥർ സേവനമാണോ ചെയ്യുന്നത്, അതോ സർക്കാരിന് ദ്റോഹമാണോ ചെയ്യുന്നത്. ഡി.ഐ.ജിയുടെ ധാർഷ്ഠ്യത്തിന് വേണ്ടിയാണ് കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ പ്രവർത്തിച്ചത് .
അഡ്വ. ടി.ഒ മോഹനൻ, കോർപ്പറേഷൻ മേയർ