
ന്യൂഡൽഹി: കോൺഗ്രസിനുള്ളിൽ വിവിധ സ്വരങ്ങളും വിവിധ അഭിപ്രായങ്ങളും ഉള്ള നേതാക്കന്മാരാണുള്ളതെന്നും ഇവരെ എല്ലാം ഒന്നിച്ച് ഒരു കുടകീഴിൽ കൊണ്ടുപോകുന്നത് ഗാന്ധി കുടുംബമാണെന്നും കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ. ഗാന്ധി കുടുംബത്തെ പാർട്ടിയുടെ നേതൃസ്ഥാനത്ത് നിന്ന് ഒഴിച്ചുനിർത്തുന്നത് അപ്രായോഗികമാണെെന്നും ഇവരെ കൂടാതെ കോൺഗ്രസിന് നിലനിൽപ്പില്ലെന്നും ശിവകുമാർ പറഞ്ഞു.
പാർട്ടിക്കുള്ളിൽ നേതൃമാറ്റം വേണമെന്ന് ആവശ്യപ്പെടുന്നവർ അധികാരം കൊതിക്കുന്നവരാണെന്നും തങ്ങളെ പോലുള്ളവർ അധികാരം മോഹിച്ചല്ല മറിച്ച് കോൺഗ്രസ് ഉയർത്തുന്ന ആശയങ്ങളോടും ആദർശങ്ങളോടുമുള്ള ഇഷ്ടം കാരണമാണ് പാർട്ടിയിൽ തുടരുന്നതെന്ന് ശിവകുമാർ പറഞ്ഞു. അധികാരമോഹം ഉള്ളവർക്ക് പാർട്ടി വിടാമെന്നും ഇത്തരക്കാർ സ്വാർത്ഥ താത്പര്യങ്ങൾ മുൻനിർത്തിയാണ് രാഷ്ട്രീയ രംഗത്തേക്ക് കടന്നുവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ജി 23 എന്നറിയപ്പെടുന്ന കോൺഗ്രസിലെ വിമത നേതാക്കൾ ഇന്ന് ഗുലാം നബി ആസാദിന്റെ വീട്ടിൽ യോഗം ചേരുകയും നേതൃമാറ്റം അനിവാര്യമാണെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. നേതൃമാറ്റം ഉൾപ്പെടെ മൂന്ന് പ്രധാന ആവശ്യങ്ങളാണ് വിമത നേതാക്കന്മാർ മുന്നോട്ട് വച്ചത്. കോൺഗ്രസ് നേതൃനിരയിൽ നിന്ന് ഗാന്ധി കുടുംബം ഒഴിഞ്ഞു നിൽക്കുക, ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ സി വേണുഗോപാൽ രാജിവയ്ക്കുക എന്നിവയായിരുന്നു ഇവരുടെ മറ്റ് ആവശ്യങ്ങൾ. ഗാന്ധി കുടുംബത്തിന് പകരമായി അശോക് ഗെഹ്‌ലോട്ടിനെയോ ഖാർഗെയെയോ കോൺഗ്രസിന്റെ നേതൃസ്ഥാനം ഏൽപ്പിക്കണമെന്നും ജി 23 നേതാക്കന്മാർ ആവശ്യപ്പെട്ടുട്ടുണ്ട്. കോൺഗ്രസിൽ മാറ്റം അനിവാര്യമാണെന്നും എത്രയും പെട്ടെന്ന് പ്രവർത്തക സമിതി യോഗം വിളിച്ചുചേർക്കണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.