
വാഷിംഗ്ടൺ: യുക്രെയിനിൽ അമേരിക്ക ജൈവായുധങ്ങൾ നിർമ്മിക്കുന്നുവെന്ന ആരോപണത്തിന് പിന്നാലെ അടിയന്തര യോഗം വിളിച്ച് യു.എൻ സുരക്ഷാ സമിതി. റഷ്യയുടെ അഭ്യർത്ഥന പ്രകാരമാണ് യോഗം ചേർന്നത്. യുക്രെയിനിൽ 30 ലാബുകൾ തങ്ങളുടെ സൈന്യം കണ്ടെത്തിയെന്ന് റഷ്യ അവകാശവാദം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യൻ സമയം രാത്രി 9.30നാണ് യോഗം ആരംഭിച്ചത്. യുക്രെയിൻ ജൈവായുധങ്ങൾ സംബന്ധിച്ച തെളിവുകൾ നശിപ്പിച്ചെന്ന് റഷ്യ ആരോപിച്ചു.
അതേ സമയം, തെളിവുകൾ ഹാജരാക്കാതെയാണ് റഷ്യ യുഎന്നിൽ ആരോപണങ്ങൾ ഉന്നയിച്ചത്. റഷ്യയുടെ ആരോപണം തീർത്തും അസംബദ്ധമാണെന്നും നുണയാണെന്നും യു.കെ ആരോപിച്ചു. യുക്രെയിൻ ജൈവായുധ ഗവേഷണങ്ങൾ നടക്കുന്നതായുള്ള യാതൊരുതരത്തിലെ സൂചനയും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് യു.എൻ നിരായുധീകരണ വിഭാഗം മേധാവി ഇസുമി നകാമിറ്റ്സു പറഞ്ഞു. റഷ്യയുടെ വാദങ്ങൾ ' ചിരിപ്പിക്കുന്നത് " ആണെന്നാണ് യു.എസ് പ്രതികരിച്ചത്. യുക്രെയിനെതിരെ അതേ ആയുധങ്ങൾ തങ്ങൾക്ക് പ്രയോഗിക്കാൻ വേണ്ടി റഷ്യ ഓരോരോ കാരണങ്ങൾ കണ്ടെത്തുകയാണെന്ന് യു.എസ് കൂട്ടിച്ചേർത്തു.
അതേ സമയം, വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ച ഇന്ത്യ, ഇത്തരം ആയുധങ്ങളുടെ നിരോധനത്തിലേക്ക് വിരൽചൂണ്ടുകയും ബന്ധപ്പെട്ട കക്ഷികൾ തമ്മിലെ കൂടിയാലോചനയിലൂടെയും സഹകരണത്തിലൂടെയും പ്രശ്നപരിഹാരം കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം, റഷ്യയ്ക്കെതിരെയുള്ള ഉപരോധങ്ങൾ യു.എസ് കടുപ്പിച്ചു. റഷ്യയിൽ നിന്നുള്ള വോഡ്ക, സീഫുഡ്, ഡയമണ്ട് തുടങ്ങിയവ നിരോധിച്ചതായും വ്യാപാര മേഖലയിൽ റഷ്യയ്ക്ക് നൽകിയിട്ടുള്ള അഭിമത രാഷ്ട്രപദവി പിൻവലിക്കുമെന്നും പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. റഷ്യൻ ഭരണകൂടത്തിന്റെ ധനസഹായത്തിൽ പ്രവർത്തിക്കുന്ന മാദ്ധ്യമങ്ങളുടെ ചാനലുകൾക്ക് ലോകമെമ്പാടും വിലക്കേർപ്പെടുത്തുമെന്ന് യൂട്യൂബ് അറിയിച്ചു.