
മാഡ്രിഡ് : അനാരോഗ്യകരമായ ഭക്ഷണപാനിയങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നത് തടയാനായി, കുട്ടികളിൽ അത്തരം ഉത്പന്നങ്ങളുടെ സ്വാധീനം ചെലുത്താൻ ശ്രമിക്കുന്ന ഇൻഫ്ലുവൻസർമാർക്കും ടെലിവിഷൻ അവതാരകർക്കും കായിക താരങ്ങൾക്കും നിരോധനം ഏർപ്പെടുത്തുമെന്ന് സ്പെയ്‌ൻ. ചോക്ലേറ്റ്, കേക്ക്, ബിസ്ക്കറ്റ്, എനർജി ബാറുകൾ, ജ്യൂസ്, എനർജി ഡ്രിങ്ക്, ഐസ്ക്രീം തുടങ്ങിയ ഇനങ്ങൾ നിയന്ത്രണങ്ങളുടെ പരിധിയിൽ വരുമെന്ന് സ്പെയ്‌നിലെ ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ കരട് ഉത്തരവിൽ പറയുന്നു.
പ്രമുഖ വ്യക്തികളെയോ ഫിക്‌ഷണൽ കഥാപാത്രങ്ങളെയോ ഉപയോഗിച്ച് കുട്ടികളെ പഞ്ചസാര, സോഡിയം, ഉപ്പ്, കൊഴുപ്പ് തുടങ്ങിയവയുടെ അളവ് കൂടിയ ഭക്ഷണ ഉത്പന്നങ്ങളിലേക്ക് ആകർഷിക്കാൻ പാടില്ലെന്നാണ് കരടിൽ പരാമർശിക്കുന്നത്.
പൊതുജനങ്ങളുടെ അഭിപ്രായം കണക്കിലെടുത്ത ശേഷമേ ഇത് പ്രാബല്യത്തിൽ വരുത്താനുള്ള നടപടികൾ ആരംഭിക്കുകയുള്ളൂ. അനാരോഗ്യകരമായ ഭക്ഷണപദാർത്ഥങ്ങളുടെ പരസ്യങ്ങൾ നിരോധിക്കുമെന്ന് സ്പാനിഷ് ഉപഭോക്തൃകാര്യ മന്ത്രി ആൽബർട്ടോ ഗാർസൺ ഏതാനും മാസങ്ങൾ മുന്നേ പറഞ്ഞിരുന്നു.