
തിരുവനന്തപുരം: വർക്കലയിൽ വീടിന് തീപിടിച്ച് അഞ്ച് പേർ മരിച്ച സംഭവത്തിൽ അട്ടിമറി സാദ്ധ്യത തള്ളി പൊലീസ്. തീപിടിത്തം ആസൂത്രിതമല്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. തീപടർന്നത് ബൈക്കില്‍ നിന്നാകാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്. ബാഹ്യ ഇടപെടലുകൾക്കോ അപായപ്പെടുത്തലിനോ ഉള്ള തെളിവുകൾ കണ്ടെത്താനായിട്ടില്ല. അന്തിമനിഗമനത്തിനായി വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാനാണ് ശ്രമം നടക്കുന്നത്.
വർക്കല പുത്തൻചന്തയിലെ ആർ.പി.എൻ പച്ചക്കറി പഴവർഗ മൊത്ത വ്യാപാര സ്ഥാപന ഉടമ അയന്തി പന്തുവിള രാഹുൽ നിവാസിൽ ബേബിയെന്ന് വിളിക്കുന്ന ആർ. പ്രതാപൻ (62), ഭാര്യ ഷേർളി (52), മരുമകൾ അഭിരാമി (24), ഇളയമകൻ അഹിൽ (29), അഭിരാമിയുടെ മകൻ റയാൻ (എട്ട് മാസം) എന്നിവരാണ് മരിച്ചത്. പ്രതാപന്റെ രണ്ടാമത്തെ മകൻ നിഖിലിനും(29) പൊള്ളലേറ്റിരുന്നു.
അഞ്ച് പേരുടെയും സംസ്‌കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിലാണ് അഞ്ചുപേരുടെയും മൃതദേഹം സംസ്‌കരിക്കുക. പൊതുദർശനത്തിന് ശേഷമായിരിക്കും ചടങ്ങുകൾ. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം നടന്നതെങ്കിലും അഭിരാമിയുടെ പിതാവിന് വിദേശത്തുനിന്ന് എത്താൻ കഴിയാതിരുന്നതിനാലാണ് സംസ്‌കാര ചടങ്ങുകൾ വൈകാൻ കാരണം.