aap

ന്യൂഡൽഹി: ഈ വർഷാവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിൽ ഒരു കൈ നോക്കുമെന്ന് ആം ആദ്മി പാർട്ടി നേതൃത്വം പ്രഖ്യാപിച്ചു. പോരിന് കച്ച മുറുക്കി ബിജെപിയും രംഗത്തുണ്ട്. പഞ്ചാബിലെ അഭൂതപൂർവമായ വിജയത്തിന് പിന്നാലെ ഞങ്ങൾ ഗുജറാത്തിലേക്ക് പോകുകയാണെന്നാണ് ആപ്പ് പ്രഖ്യാപിച്ചത്

. ഇതിനിടെ ബിജെപി ഇന്നലെ ഗുജറാത്തിലെ അഹമ്മദാബാദിൽ സംഘടിപ്പിച്ച പരിപാടികൾ ശരിക്കും തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കേളി കൊട്ടായി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി സ്വന്തം സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നും നടത്തിയ റോഡ് ഷോ, പോരാട്ടം തുടങ്ങിയെന്ന ബിജെപിയുടെ പ്രഖ്യാപനമായി മാറി. അടുത്ത പോരാട്ടം ഗുജറാത്തിലാണെന്ന് എഎപി ഗുജറാത്ത് ഇൻ ചാർജ് ഗുലാബ് സിംഗ് പറഞ്ഞു.

ഞങ്ങളുടെ റഡാറിലുള്ള രണ്ട് സംസ്ഥാനങ്ങളാണ് ഗുജറാത്തും ഹിമാചൽപ്രദേശും. അടുത്ത മാസം മുഖ്യമന്ത്രിമാരായ കെജ്‌രിവാളും ഭഗവന്ത് മാനും ഗുജറാത്തിൽ വിജയ യാത്ര നയിക്കും. തുടക്കമെന്ന നിലയിൽ ഈ മാസം 16 വരെ എല്ലാ വാർഡുകളിലും വിജയ യാത്രകൾ സംഘടിപ്പിക്കും. ഇനി ഞങ്ങൾ ഒരു പ്രാദേശിക പാർട്ടിയല്ല. 2024 ഓടെ ദേശീയ പാർട്ടിയായി മാറി കോൺഗ്രസിന് ബദലാകും. ഒരു ദിവസം കെജ്‌രിവാൾ രാജ്യത്തെ നയിക്കുമെന്നും ഗുലാബ് സിംഗ് പറഞ്ഞു.

ഗുജറാത്തിലെ തദ്ദേശ സ്വയം തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് 2020ൽ പി.സി.സി അദ്ധ്യക്ഷൻ രാജിവച്ച ശേഷം വർക്കിംഗ് പ്രസിഡന്റായി നിയമിതനായ ഹാർദ്ദിക്ക് പട്ടേലും കഴിഞ്ഞ വർഷം പിസിസി പ്രസിഡന്റായി നിയമിതനായ ജഗദീഷ് താക്കൂറും മുൻ പ്രസിഡന്റ് അർജുൻ മോദ് വാദിയ, മുൻ കേന്ദ്ര മന്ത്രി ഭരത് സിംഗ് സോളങ്കി തുടങ്ങിയ നേതാക്കളും തമ്മിലുള്ള പോര് രൂക്ഷമായിരിക്കയാണ്.

ബിജെപിയും കോൺഗ്രസും നേർക്ക് നേർ പൊരുതുന്ന ഹിമാചൽ പ്രദേശിലും ഇക്കൊല്ലം തിരഞ്ഞെടുപ്പ് നടക്കും. ഇവിടെ ആം ആദ്മി രംഗപ്രവേശം ചെയ്യുന്നത് കോൺഗ്രസിനെ ദുർബലപ്പെടുത്താനാണെന്ന് നേതൃത്വം ആരോപിച്ചു. ഹിമാചലിൽ കഴിഞ്ഞ വർഷം നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സീറ്റുകൾ പിടിച്ചെടുത്തത് ബിജെപിയെ ഞെട്ടിച്ചിരുന്നു.