
കീവ്: റഷ്യൻ സൈന്യം തെക്കൻ യുക്രെയിനിലെ മെലിറ്റോപോൾ മേയറെ തട്ടിക്കൊണ്ടുപോയതായി പ്രസിഡന്റ് വൊളാഡിമിഡർ സെലെൻസ്‌കി. ഒരു സംഘമാളുകൾ മേയർ ഇവാൻ ഫെഡോറോവിനെ തട്ടിക്കൊണ്ടുപോയെന്നും ശത്രുവുമായി സഹകരിക്കാൻ വിസമ്മതിച്ചതിനെത്തുടർന്നാണെന്നും യുക്രെയിൻ പാർലമെന്റ് ആരോപിച്ചു.
മേയർ യുക്രെയിനെയും അദ്ദേഹത്തിന്റെ കമ്മ്യൂണിറ്റിയിലെ അംഗങ്ങളെയും 'ധീരമായി' സംരക്ഷിച്ചിരുന്നുവെന്ന് റഷ്യയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് സെലെൻസ്‌കി പറഞ്ഞു. 'മെലിറ്റോപോൾ മേയറെ പിടികൂടുന്നത് ഒരു പ്രത്യേക വ്യക്തിക്കെതിരെയോ, ഒരു പ്രത്യേക സമൂഹത്തിനെതിരെയോ മാത്രമല്ല യുക്രെയിനെതിരെയുള്ള കുറ്റമാണ്. ഇത് ജനാധിപത്യത്തിനെതിരായ ഒരു കുറ്റകൃത്യമാണ്. റഷ്യൻ അക്രമികളുടെ പ്രവർത്തനങ്ങളെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടേതുപോലെ കണക്കാക്കും.'- പ്രസിഡന്റ് പറഞ്ഞു.
ഇവാൻ ഫെഡോറോവിനെ നഗരത്തിലെ ഒരു സർക്കാർ കെട്ടിടത്തിൽ നിന്ന് ആയുധധാരികളായ ആളുകൾ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. അക്രമികൾ കറുത്ത വസ്ത്രം ധരിച്ച് മുഖം മറച്ചിരുന്നു. യുക്രെയിൻ ജനങ്ങൾക്കെതിരായ യുദ്ധം അവസാനിപ്പിക്കണമെന്നും, സംഭവത്തിൽ ഉടനടി പ്രതികരിക്കണമെന്നും അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടിരുന്നു.