jack-fruit

തിരുവനന്തപുരം:സെക്രട്ടേറിയറ്റ് ഗാർഡനിൽ 33 മാസം മുമ്പ് നട്ട കുഞ്ഞുപ്ലാവ് രണ്ട് ഡസൻ ചക്കകളുമായി കൗതുകമാകുന്നു. ചക്കകളുടെ ഭാരത്തിൽ തായ്‌ത്തടി ഒടിയാതിരിക്കാൻ താങ്ങുകൊടുത്ത് നിറുത്തിയിരിക്കുകയാണ്.

സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഗ്രീൻ വോളന്റിയർ ഗ്രൂപ്പ് എന്ന കൃഷി സൗഹൃദ കൂട്ടായ്‌മ 2019 ലെ പരിസ്ഥിതി ദിനത്തിൽ നട്ടതാണ് പ്ലാവ്. നോർത്ത് ഗേറ്റിന് സമീപം അന്നത്തെ മന്ത്രി വി.എസ്.സുനിൽകുമാറാണ് വിയറ്റ്നാം സൂപ്പർ ഏർലി എന്ന ഇനത്തിലുള്ള പ്ലാവ് നട്ടത്. ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ കളയിട്ടു. ആദ്യം നാല് ചക്കയായിരുന്നു. ഗാർഡൻ സൂപ്പർവൈസർ വലിയമല സുരേഷ് നല്ല പരിചരണം ഉറപ്പാക്കിയതിനാൽ ഇക്കുറി 22 ചക്കയുണ്ട്. കഴിഞ്ഞ തവണ പഴുപ്പിച്ച ചക്കയ്‌ക്ക് ഏറെ മധുരവും സ്വാദുമായിരുന്നെന്ന് സുരേഷ് പറഞ്ഞു.

വിയറ്റ്നാം സൂപ്പർ ഏർലി എന്ന പേരിൽ വിയറ്റ്‌നാം ഉണ്ടെങ്കിലും തായ്ലൻഡാണ് സ്വദേശം. തായ്ലൻഡ് ജാക്ക്, ആയുർജാക്ക് എന്നിങ്ങനെയും പേരുണ്ട്. 15 മുതൽ 18 മാസത്തിനകം കായ്ച്ചു തുടങ്ങും. തായ്ലൻഡ്, വിയറ്റ്നാം, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ വാണിജ്യാടിസ്ഥാനത്തിൽ വലിയ തോട്ടങ്ങളിൽ കൃഷി ചെയ്യുന്നു. ചെറിയ മരമായതിനാൽ ആദ്യവർഷംതന്നെ ഒന്നിലധികം ചക്കകൾ പഴുപ്പിക്കാൻ നിറുത്തരുത്. ഇടിച്ചക്ക പരുവമാകുമ്പോൾ മറ്റു ചക്കകൾ പറിക്കണം. ഒന്നാം വർഷം ഒരു ചക്ക, രണ്ടാം വർഷം രണ്ടു ചക്ക എന്ന രീതിയിലാണ് പഴുപ്പിക്കാൻ നിറുത്തേണ്ടത്. കേരളത്തിൽ ആദ്യമായി ഈ പ്ലാവുകളുടെ തൈകൾ വിൽക്കുന്നത് കോട്ടയത്തെ ഹോംഗ്രോൺ എന്ന സ്ഥാപനമാണ്.