
പലതരം പാചക രീതികളെ പറ്റി നമ്മൾ കേട്ടിട്ടുണ്ട്, കണ്ടിട്ടുമുണ്ട്. ഒരോ പ്രദേശവും മാറുന്നതിനനുസരിച്ച് അവിടുത്തെ പാചക രീതിയും അതിൽ ചേർക്കുന്ന പദാർത്ഥങ്ങളിലും മാറ്റമുണ്ടാകും. വിവിധ തരം പാചക വീഡിയോകൾ ദിനം പ്രതി കാണുമ്പോൾ അതിൽ ചിലതെങ്കിലും നമ്മിൽ കൗതുകമുളവാക്കാറുണ്ട്. ഇത്തരത്തിലുള്ള പാചക രീതികളിൽ പലതും വൈറലായി മാറിയിട്ടുണ്ട്. കിഴി പൊറോട്ടയും, ചട്ടിച്ചോറും, ബക്കറ്റ് ബിരിയാണിയും ഒടുവിൽ ഹിറ്റായ പുട്ട് ഐസ്ക്രീമുമെല്ലാം ഒരു തവണയെങ്കിലും പരീക്ഷിച്ചു നോക്കണമെന്ന് ആഗ്രഹിച്ചവരായിരിക്കും നമ്മളിൽ പലരും. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായൊരു പാചക രീതിയെ പരിചയപ്പെടാം.
ഒരു ഉള്ളിക്കറിയുണ്ടാക്കുന്ന കഥയാണ് പറയാൻ പോകുന്നത്. ഉള്ളിക്കറിയിലെന്താണിത്ര പ്രത്യേകതയെന്ന് ചോദിക്കാൻ വരട്ടെ. അതുണ്ടാക്കുന്ന രീതിയിലാണ് പ്രത്യേകതയുള്ളത്. രസകരമായ ഈ പാചകരീതി നിലവിലുള്ളതാകട്ടെ നമ്മുടെ കൊച്ചു കേരളത്തിന്റെ വടക്കു ഭാഗത്തും. അരിപ്പൊടിയും വെളുത്തുള്ളിയരച്ചതും ചേർത്ത് തിളപ്പിച്ചാണ് ഈ കറിയുണ്ടാക്കുന്നത്. കറിയുണ്ടാക്കിയ ശേഷം അതിലേക്ക് കനലിൽ ചുട്ടു പഴുപ്പിച്ച ഒരു വലിയ ഇരുമ്പ് ദണ്ഡ് ഇറക്കി വയ്ക്കും. ദണ്ഡിനു പകരം വലിയ ഇരുമ്പ് ചങ്ങലയും ചിലപ്പോൾ ഇറക്കി വയ്ക്കാറുണ്ട്. പിന്നീട് അത് എടുത്തു മാറ്റും. ഇങ്ങനെയാണ് ഈ ഉള്ളിക്കറിയുണ്ടാക്കുക. കേൾക്കുമ്പോൾ കൗതുകമുണർത്തുമെങ്കിലും ഇതിനു പിന്നിൽ ഒരു കുഞ്ഞു കഥ കൂടിയുണ്ട്. വടക്കൻ കേരളത്തിലെ ചില തെയ്യക്കാവുകളിലും മറ്റുമാണ് ഈ പാചക രീതി നിലവിലുള്ളത്.

രുചിക്കും മണത്തിനും നിറത്തിനുമൊക്കെയായി നമ്മൾ പലതരം വസ്തുക്കൾ ആഹാരത്തിൽ ചേർക്കാറുണ്ട്. എന്നാൽ ഇവിടെ അതിനൊന്നും വേണ്ടിയല്ല ചുട്ടു പഴുത്ത ഇരുമ്പ് ചേർക്കുന്നത്. അതൊരു വിഭാഗം ജനങ്ങളുടെ നിലനിൽപ്പിന്റെ ഭാഗമായിട്ടായിരുന്നു. ഈ ഉള്ളിക്കറി പണ്ട് പൂരക്കാലത്ത് പൂരക്കളിക്കാർക്കും വാല്യക്കാർക്കും പ്രമാണിമാർ കഴിക്കാൻ കൊടുത്തിരുന്നതാണ്. തിയ്യ വിഭാഗത്തിൽപെട്ടവരാണ് അന്ന് തെയ്യം കെട്ടിയാടിയിരുന്നതും പൂരക്കളിക്കാരായിരുന്നതും. ഇത് പ്രമാണിമാർ അവരെക്കൊണ്ട് നിർബന്ധിച്ച് കഴിപ്പിച്ചിരുന്നതായാണ് ചരിത്രം. ഇത് ചെയ്യിക്കാൻ ഒരു കാരണം കൂടിയുണ്ട്. പൂരക്കളിക്കാരായ തിയ്യരുടെ 'ഒരം' കുറയ്ക്കാനാണ് പ്രമാണിമാർ ഈ കറി അവർ കുടിക്കണമെന്ന് നിർബന്ധം പിടിച്ചിരുന്നത്. ഒരം എന്നാൽ ശക്തിയെന്നാണ് അർത്ഥം. പൂരക്കളിക്കാരായ തിയ്യർ നിത്യാഭ്യാസികളായിരുന്നു. വെളുത്തുളളി കഴിച്ചാൽ ഒരം കുറയുമെന്നും, അവരുടെ എല്ലാ ശേഷിയും കുറയുമെന്നുമായിരുന്നു പ്രമാണിമാരുടെ വിശ്വാസം. അത് സത്യവുമാണ്. വെളുത്തുള്ളി കഴിച്ചാൽ മൊത്തത്തിൽ ഒരു മന്ദതയുണ്ടാകും. അത് അവരുടെ ശക്തിയും കഴിവുമെല്ലാം നശിപ്പിക്കും. എന്നാൽ പണ്ടത്തെ പ്രമാണിമാരുടെ ഈ ഉള്ളിക്കറി വിദ്യ തകർക്കാൻ പൂരക്കളിക്കാർ കണ്ടുപിടിച്ച വഴിയായിരുന്നു കറിയിലേക്ക് ഇരുമ്പു പഴുപ്പിച്ചിടുക എന്നത്. എന്തെന്നാൽ വെളുത്തുള്ളിയിലെ മയക്കമുണ്ടാക്കുന്ന വസ്തുക്കളെ മുഴുവൻ വലിച്ചെടുക്കാനുള്ള കഴിവ് ആ ഇരുമ്പിനുണ്ട്. ശാസ്ത്രീയമായ അറിവുകളൊന്നും ഇല്ലായിരുന്നെങ്കിലും അവരുടെ നിലനിൽപിനായി ഇങ്ങനെയൊരു വഴി കണ്ടെത്തേണ്ടത് അനിവാര്യമായിരുന്നു.

ഇരുമ്പിട്ടു പഴുപ്പിച്ച ഉള്ളിക്കറി കുടിക്കണമെന്ന ആചാരം വടക്കോട്ട് ചില കാവുകളിൽ ഇന്നുമുണ്ട്. കാസർകോട് ജില്ലയിലെ മുഴക്കോം ചാലക്കാട്ട് ചെക്കിപ്പാറ ഭഗവതി ക്ഷേത്രം, പൊടോതുരുത്തി കായക്കീൽ ഭഗവതി ക്ഷേത്രം, കയ്യൂർ മുണ്ട്യ, പള്ളിക്കര പാലേരെകീഴിൽ വിഷ്ണുമൂർത്തി ക്ഷേത്രം, പാലക്കാട്ട് പുതിയപറമ്പത്ത് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം ഈ കറി കുടിക്കുന്ന ആചാരം ഇന്നും നിലനിൽക്കുന്നുണ്ട്. കറിയിലേക്ക് പഴുപ്പിച്ചിടാനുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള ഒരു പ്രത്യേക ഇരുമ്പ് ചങ്ങല തന്നെ ചാലക്കാട്ടുണ്ട്. ഇരുമ്പിനു പകരമായി മൺ പാത്രവും പഴുപ്പിച്ചിടുന്ന രീതി ചിലയിടങ്ങളിലുണ്ട്.
ചിത്രങ്ങൾക്ക് കടപ്പാട് ഫേസ്ബുക്ക്