kamala-haris

ന്യൂയോർക്ക്: യുക്രെയിൻ അഭയാർത്ഥികളെ കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പൊട്ടിച്ചിരിച്ച അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസിന് വിമർശനം. വ്യാഴാഴ്ച വാഴ്‌സയിൽ പോളിഷ് പ്രസിഡന്റ് ആൻഡ്രെ ദുദയുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിനിടെയായിരുന്നു കമല ഹാരിസ് പൊട്ടിച്ചിരിച്ചത്.

'കൂടുതൽ യുക്രെയിൻ അഭയാർത്ഥികളെ സ്വീകരിക്കാൻ അമേരിക്കയോട് ആവശ്യപ്പെട്ടാൽ ഏറ്റെടുക്കുമോ' എന്നായിരുന്നു മാദ്ധ്യമപ്രവർത്തകരുടെ ചോദ്യം. പോളിഷ് പ്രസിഡന്റ് പ്രതികരിക്കുന്നുണ്ടോ എന്നറിയാൻ ആദ്യം അദ്ദേഹത്തെ നോക്കി, ഇല്ലെന്ന് കണ്ടതോടെയാണ് കമല ഹാരിസ് പൊട്ടിച്ചിരിച്ചത്.

യുക്രെയിൻ അഭയാർത്ഥികൾക്കായുള്ള കോൺസുലാർ നടപടികൾ വേഗത്തിലാക്കാൻ സഹായിക്കാൻ പോളണ്ട് കമലാ ഹാരിസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രസിഡന്റ് ദുദ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഇരു നേതാക്കളും ചർച്ച ചെയ്തതായി കമലാ ഹാരിസ് പറഞ്ഞു. എന്നാൽ യുഎസ് ഒരു നിശ്ചിത എണ്ണം അഭയാർത്ഥികളെ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് അവർ ഉത്തരം നൽകിയില്ല.

കമല ഹാരിസ് പൊട്ടിച്ചിരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്. '80 വർഷമായി നമ്മൾ കണ്ടിട്ടില്ലാത്ത മാനുഷിക പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കുമ്പോൾ വേദിയിലെ ചിരി അടക്കിനിർത്തണം എന്നാണ് ആളുകൾ പറയുന്നത്.

ഇതിനുമുൻപും സമാനരീതിയിലുള്ള സംഭവങ്ങൾ കമല ഹാരിസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ബൈഡൻ ഭരണകൂടം അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സേനയെ പിൻവലിച്ചതിനെ കുറിച്ച് മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോഴും കമലാ ഹാരിസ് ചിരിച്ചുകൊണ്ടായിരുന്നു മറുപടി നൽകിയത്.