
അപ്രതീക്ഷിതമായുണ്ടായ പ്രതിസന്ധിയിൽ കൂടെ നിന്നവരിൽ താൻ എന്നും നന്ദിയോടെ സ്‌മരിക്കുന്ന ആളായിരിക്കും പി ടി തോമസെന്ന് നടി ഭാവന. ആക്രമണത്തിനിരയായ സംഭവം ആദ്യം അറിഞ്ഞവരിൽ ഒരാളായിരുന്നു അദ്ദേഹം. പോരാടണമെന്നും ധൈര്യത്തോടെ മുന്നേറണമെന്നും പറഞ്ഞു. വിഷമഘട്ടത്തിലെല്ലാം സത്യം ജയിക്കുമെന്ന് പറഞ്ഞ് ഊർജമേകിയിരുന്നുവെന്നും ഭാവന ഓർത്തെടുത്തു. ദ ന്യൂസ് മിനിട്ടിന് നൽകിയ അഭിമുഖത്തിലാണ് പിടി തോമസിനെ കുറിച്ച് ഭാവന സംസാരിച്ചത്.
വനിതാ ദിനവുമായി ബന്ധപ്പെട്ട് മുതിർന്ന മാദ്ധ്യമ പ്രവർത്തക ബർഖ ദത്തിനോട് താൻ നേരിട്ട അതിക്രമത്തെ കുറിച്ചും പ്രതിസന്ധികളെ കുറിച്ചും ഭാവന പ്രതികരിച്ചിരുന്നു. ഇരയല്ല, അതിജീവിതയാണ് താനെന്ന് തുറന്ന് പറഞ്ഞ് അവർ ആദ്യമായി മാദ്ധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കുകയായിരുന്നു. നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടം അത്ര എളുപ്പമല്ലെങ്കിലും അത് അവസാനം വരെ തുടരുമെന്നും അവർ വ്യക്തമാക്കി.
'തിരിച്ചു വരവ് അതീവ പ്രയാസമേറിയതാണ്. എങ്കിലും മലയാള സിനിമയിലേക്ക് തിരിച്ചു വരും. ഞാൻ മാറിനിന്നത് എന്റെ മനസമാധാനത്തിനാണ്. തെളിവെടുപ്പ് നടന്ന 15 ദിവസം അതീവ പ്രയാസമേറിയതായിരുന്നു. ആവർത്തിച്ചുള്ള ചോദ്യങ്ങളിലൂടെ കടന്ന് പോയി താൻ നിരപരാധിയാണെന്ന് തെളിയിക്കേണ്ട ചുമതല സ്വയം ഏറ്റെടുക്കേണ്ടി വന്നു. തികച്ചും ഒറ്റപ്പെട്ടു എന്നു തോന്നിയ ദിവസങ്ങളായിരുന്നു അവ." തുറന്നു പറഞ്ഞതിന്റെ പേരിൽ ജോലി നിഷേധിക്കപ്പെട്ടിട്ടുണ്ടെന്നും അന്ന് ഭാവന തുറന്ന് പറഞ്ഞിരുന്നു.