chithra

മുംബയ്: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് മുൻ എംഡി ചിത്ര രാമകൃഷ്‌ണയെ നിയന്ത്രിച്ചിരുന്ന അജ്ഞാതനായ ഹിമാലയൻ യോഗി ആനന്ദ് സുബ്രഹ്മണ്യനാണെന്ന് സ്ഥിരീകരിച്ചു. ചിത്ര തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് സിബിഐ കോടതിയിൽ അറിയിച്ചു. ആനന്ദിന്റെ ജാമ്യാപേക്ഷ പ്രത്യേക കോടതി പരിഗണിച്ചപ്പോഴാണ് സിബിഐ ഇക്കാര്യം അറിയിച്ചത്.

എൻഎസ്ഇ മേധാവിയായിരിക്കെ ചിത്ര സെബിയുമായി ബന്ധപ്പെട്ട രഹസ്യരേഖകൾ ഹിമാലയത്തിലെ ഒരു യോഗിക്ക് കൈമാറിയതായാണ് കേസ്. കേസിൽ അറസ്റ്റു ചെയ്ത എൻഎസ്ഇ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസർ ആനന്ദ് സുബ്രമണ്യവുമായി ചിത്രയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു.

അന്വേഷണത്തിൽ ആനന്ദ് സുബ്രഹ്മണ്യൻ തന്നെയാണ് ഹിമാലയൻ യോഗിയെന്നും സിബിഐ നേരത്തെ സംശയിച്ചിരുന്നു. ഇതാണ് ചിത്രാ സുബ്രഹ്മണ്യൻ നൽകിയ മൊഴിയിലൂടെ ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്.

യോഗിയുടെ ഇമെയിൽ വിലാസമായ rigyajursama@outlook.com സൃഷ്‌ടിച്ചത് ആനന്ദ് തന്നെയെന്നും ഇത് ആനന്ദിന്റെ തന്നെ മറ്റൊരു ഇമെയിൽ വിലാസവുമായി ബന്ധിപ്പിച്ചിരുന്നതായും സിബിഐ കണ്ടെത്തി. ഇതിനിടെ,​ സെയ്ഷെൽസിലേക്ക് പോകാൻ ചിത്രയോട് ബാഗ് റെഡിയാക്കിക്കോളൂവെന്നും കടലിൽ ഒന്നിച്ച് കളിച്ച് രസിക്കാമെന്നും യോഗി അയച്ച മെയിലുകൾ പുറത്തുവന്നിരുന്നു.

ഇരുവരും ഒന്നിച്ച് നടത്തിയ യാത്രകളെ കുറിച്ച് അന്വേഷണം നടത്താനാണ് സിബിഐയുടെ തീരുമാനം. അതേസമയം, ഹിമാലയൻ യോഗി ആനന്ദ് തന്നെയെന്നാണെന്ന വാദം സെബി അംഗീകരിച്ചിട്ടില്ല.