
കേരളത്തിന്റെ തലസ്ഥാനജില്ലയായ തിരുവനന്തപുരത്തിന്റെ വികസനത്തിനുവേണ്ടി പ്രവർത്തിക്കാൻ ഭരണതലപ്പത്ത് ആരുമില്ലെന്ന ചിന്തയ്ക്ക് വിരാമമിടുന്നതിന്റെ സൂചന നൽകുന്നതാണ് കഴിഞ്ഞദിവസം ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റ് . ഇടത്-വലത് മന്ത്രിസഭകൾ മുൻകാലങ്ങളിൽ തലസ്ഥാനത്തിനുവേണ്ടി കാര്യമായിട്ടൊന്നും വകയിരുത്തതായി കണ്ടിരുന്നില്ല. ആ അവസ്ഥയ്ക്ക് വലിയതോതിൽ മാറ്റം വരുമെന്നുവേണം ജില്ലയ്ക്കായി ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള വിപുലമായ പദ്ധതികളിൽ നിന്നും കരുതേണ്ടത്.
ഐ.ടി വികസനത്തിനും അടിസ്ഥാനസൗകര്യ വികസനങ്ങൾക്കും ആരോഗ്യ,ശാസ്ത്ര മേഖലകൾക്കും വിദ്യാഭ്യാസ, സാങ്കേതിക, വിനോദസഞ്ചാര രംഗങ്ങൾക്കും തുക വകയിരുത്തിയ നടപടി സ്വാഗതാർഹമാണ്. എന്നാൽ ഇവ വെറും പ്രഖ്യാപനങ്ങൾ മാത്രമായി കടലാസിലൊതുങ്ങരുത്. രാജ്യത്തെ ഇതരസംസ്ഥാനങ്ങളിലെ തലസ്ഥാനങ്ങൾ വികസിപ്പിക്കുന്നതിൽ കക്ഷിഭേദമന്യേ അവിടുത്തെ ഭരണാധികാരികൾ ശ്രദ്ധപുലർത്താറുണ്ട്. എന്നാൽ ആ തരത്തിലുള്ള സംരക്ഷണം കഴിഞ്ഞകാലയളവിലൊന്നും തിരുവനന്തപുരത്തിന് ലഭിച്ചിരുന്നില്ല. കേരളത്തിലെ ആദ്യ രാജ്യാന്തര വിമാനത്താവളമായ തിരുവനന്തപുരം വിമാനത്താവളം പോലും അവഗണിക്കപ്പെട്ടുകിടക്കുന്ന കാഴ്ചയാണ് സമീപകാലം വരെയും കണ്ടിരുന്നത്. വിമാനത്താവളം സ്വകാര്യവത്‌കരിച്ചതിലൂടെ അവിടെ മാറ്റങ്ങൾക്ക് നാന്ദികുറിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖം കൂടി ഫലപ്രാപ്തിയിലെത്തുമ്പോൾ തിരുവനന്തപുരം രാജ്യത്തെ ഏതൊരു തലസ്ഥാനത്തോടുമൊപ്പം കിടപിടിക്കുന്ന വൻ നഗരമായി മാറും. എന്നാൽ അതിന് അനുബന്ധമായ വികസനം കൂടി യാഥാർത്ഥ്യമായാൽ മാത്രമേ ആ ലക്ഷ്യം കൈവരിക്കാൻ കഴിയുകയുള്ളൂ. അതിനുള്ള തുടക്കമായി ബഡ്ജറ്റ് പ്രഖ്യാപനങ്ങളെ കാണാവുന്നതാണ്.
ടെക്നോപാർക്കിന്റെ സമഗ്രവികസനത്തിനായി 26.6 കോടിരൂപയും നഗരത്തിന് പുറത്ത് മികച്ച യാത്രാസൗകര്യം ഒരുക്കാനായി നിർമ്മിക്കുന്ന തിരുവനന്തപുരം ഒൗട്ടർ റിംഗ് റോഡിന് ഭൂമി ഏറ്റെടുക്കാൻ ആയിരംകോടി രൂപയും ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. പുതുതായി സ്ഥാപിക്കുന്ന നാല് ഐ.ടി. ഇടനാഴികളിലൊന്ന് ടെക്നോപാർക്ക് മൂന്നാം ഘട്ടത്തിൽ നിന്ന് കൊല്ലത്തേക്കാണ്. ഈ ഇടനാഴിക്കു സമീപം സാറ്റലൈറ്റ് പാർക്കുകൾ സ്ഥാപിക്കാനും സർക്കാർ പദ്ധതി തയ്യാറാക്കുന്നുണ്ട്. അമ്പതിനായിരം മുതൽ
രണ്ടുലക്ഷം ചതുരശ്ര അടിവരെ വിസ്തീർണമാണ് ഓരോ പാർക്കിനും പ്രതീക്ഷിക്കുന്നത്. ഐ.ടി മേഖലയിലുണ്ടാകുന്ന ഈ വികസനങ്ങൾ വലിയതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. ലോക നിലവാരത്തിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച തോന്നയ്ക്കലിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വിമാനത്താവളത്തിനു സമീപം 200 കോടിരൂപ മുടക്കി സയൻസ് പാർക്കും സാങ്കേതിക സർവകലാശാലയ്ക്കു സമീപം ഡിജിറ്റൽ സയൻസ് പാർക്കും സ്ഥാപിക്കുമെന്നും ബഡ‌്ജറ്റിൽ പറയുന്നുണ്ട്. മെഡിക്കൽ ടെക് ഇന്നൊവേഷൻ പാർക്ക് സ്ഥാപിക്കാൻ കിഫ്ബി വഴി 100 കോടിയും ലഭ്യമാക്കും. പള്ളിപ്പുറം ടെക്നോസിറ്റിയിൽ മികവിന്റെ കേന്ദ്രം സൃഷ്ടിക്കാനുള്ള പദ്ധതിക്കായി 50 കോടി വകയിരുത്തിയിട്ടുണ്ട്. ഈ രീതിയിൽ തലസ്ഥാനത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് പല പദ്ധതികളും ബഡ്ജറ്റ് പ്രഖ്യാപനത്തിൽ വന്നിട്ടുണ്ട്.
വിദൂരമല്ലാത്ത ഭാവിയിൽ തലസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റിയെടുക്കാൻ ഉതകുന്ന ഈ പദ്ധതികളൊക്കെ നടപ്പിലാകണമെങ്കിൽ സൂക്ഷ്മമായ മോണിട്ടറിംഗ് സംവിധാനം ആവശ്യമാണ്. ആ ഉത്തരവാദിത്വം തലസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന മന്ത്രിമാർ ഏറ്റെടുക്കണം. വി.ശിവൻകുട്ടി, ജി.ആർ.അനിൽ, ആന്റണിരാജു എന്നീ ഊർജ്ജസ്വലരായ മൂന്ന് മന്ത്രിമാരാണ് ഇപ്പോൾ തലസ്ഥാനത്തുള്ളത്. അവർ കേരളത്തിന്റെ മുഴുവൻ മന്ത്രിമാരാണെങ്കിലും തലസ്ഥാനത്തിന്റെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്നവർ കൂടിയാണ്. തിരുവനന്തപുരം വികസിക്കുമ്പോൾ കേരളത്തിന്റെ മുഖമാണ് മാറുന്നത്. ആ വിചാരം എല്ലാവർക്കും ഉണ്ടാവണം.