
തിരുവനന്തപുരം: കൊച്ചിയിലെ ഹോട്ടലിൽ ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന കേസിൽ മുത്തശ്ശി അറസ്റ്റിൽ. അങ്കമാലി സ്വദേശിനിയായ സിപ്‌സിയെയാണ് തിരുവനന്തപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ബാലനീതി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
ഇന്ന് രാവിലെ ബീമാപള്ളി പരിസരത്തുനിന്നാണ് സിപ്‌സിയെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് ഇവർ തിരുവനന്തപുരത്ത് എത്തിയത്. തമ്പാനൂരിലെ ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചു. രാവിലെയാണ് വേഷംമാറി ബീമാപള്ളി പരിസരത്ത് എത്തിയത്.
രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് സിപ്‌സിയെ കസ്റ്റഡിയിലെടുത്തത്. പൂന്തുറ ഭാഗത്ത് സിപ്‌സിയുടെ ഒരു സുഹൃത്ത് താമസിക്കുന്നുണ്ട്. ഈ സുഹൃത്തിന്റെ നിർദേശപ്രകാരമാണ് ബീമാപള്ളി ഭാഗത്ത് എത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്.
കസ്റ്റഡിയിലെടുത്ത് പൂന്തുറ സ്റ്റേഷനിൽ എത്തിച്ചതിന് പിന്നാലെ ഇവർ പൊലീസിനുനേരെ അസഭ്യവർഷം നടത്തി. സിപ്‌സിയുടെ കാമുകനാണ് കുട്ടിയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ ഒന്നരവയസുകാരിയുടെ പിതാവും സിപ്‌സിയുടെ മകനുമായ സജീവിനെതിരെയും കേസെടുത്തിട്ടുണ്ട്. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.