kakkanad

കൊച്ചി: ജപ്തി ചെയ്യാൻ എത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിലൂടെ വിവാദമായ കാക്കനാട് ചെമ്പുമുക്കിലെ വീടിന്റെ ജപ്തി നടപടികൾ പൂർത്തിയായി. ഉടമ വീട് പൂട്ടി പോയതിനാൽ പൂട്ട് പൊളിച്ചായിരുന്നു അധികൃത‌ർ അകത്ത് പ്രവേശിച്ചത്. വീട്ടുടമ പ്രതിഷേധിച്ചെങ്കിലും നടപടി പൂർത്തിയാക്കി ബോർഡും സ്ഥാപിച്ച് ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു.

ഇന്നലെ രാവിലെ ആരംഭിച്ച ജപ്തി നടപടികൾ ഉച്ചയോടെയാണ് അവസാനിച്ചത്. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഉടമയുടെ മകനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പ്രതിഷേധ സാദ്ധ്യത പരിഗണിച്ച് വൻ പൊലീസ് സന്നാഹം തന്നെ എത്തിയിരുന്നു. മാർച്ച് രണ്ടിനാണ് ജപ്തി നടപടികൾക്കെത്തിയ ഉദ്യോഗസ്ഥർക്കെതിരെ ആക്രമണമുണ്ടായത്. വീടിന്റെ ഹാളിൽ വച്ച് ഇൻവെന്ററി തയാറാക്കുന്നതിനിടെ വീട്ടുടമസ്ഥയുടെ മകനായ കെവിൻ അരിവാളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. സംഭവത്തിൽ അഡ്വക്കേറ്റ് കമ്മീഷന്റെ കൈയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് നടപടിക്രമങ്ങൾ നിർത്തിവയ്ക്കുകയായിരുന്നു.

2016ൽ എസ്ബിഐയിൽ നിന്ന് ഇവർ വൻ തുക ലോണെടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെയാണ് കോടതി ഉത്തരവ് പ്രകാരം ജപ്തി ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ ബാങ്കിൽ വ്യാജരേഖകൾ കാണിച്ച് മറ്റൊരാളാണ് ഇത്രയും വലിയ തുക വായ്പയെടുത്തതെന്നാണ് വീട്ടുകാരുടെ ആരോപണം.