
മേളയിൽ പ്രദർശിപ്പിക്കുന്നത് 26 മലയാള ചിത്രങ്ങൾ,
3 ചിത്രങ്ങളുടെ ആദ്യ പ്രദർശനം
വീണ്ടുമൊരു ചലച്ചിത്ര മേളയ്ക്കായി തലസ്ഥാന നഗരി ഒരുങ്ങുന്നു. കൊവിഡ് പ്രതിസന്ധിക്കു ശേഷം വീണ്ടും പഴയ പ്രതാപത്തോടെയുള്ള 26-ാമത് രാജ്യാന്തര ചലച്ചിത്ര മേളയാണ് (ഐ.എഫ്.എഫ്.കെ) സിനിമാപ്രേമികളെ കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷം തിയേറ്ററുകളിൽ പകുതി സീറ്റുകളിൽ മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളു. അതിനാൽ കേരളത്തിലെ 4 ജില്ലകളിലായാണ് മേള നടത്തിയത്. ഇത്തവണ മുഴുവൻ സീറ്റുകളിലും പ്രവേശനം അനുവദിക്കുന്നതിനാൽ തീർത്തും ഉത്സവാന്തരീക്ഷമാകും.

മാർച്ച് 18 മുതൽ 25 വരെയാണ് ചലച്ചിത്ര മേള നടക്കുന്നത്. ടാഗോർ, കലാഭവൻ, അജന്ത, ശ്രീപദ്മനാഭ, കൃപ, ഏരീസ് പ്ലക്സ്, കൈരളി, ശ്രീ, നിള തിയേറ്ററുകളിൽ 15 സ്ക്രീനുകളിലായി ഏഴു വിഭാഗങ്ങളിൽ 173 ചിത്രങ്ങളാണ് ഇക്കുറി മേളയിൽ പ്രദർശിപ്പിക്കുന്നത്. ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സര വിഭാഗം, മാസ്റ്റേഴ്സ് ഉൾപ്പടെയുള്ളവരുടെ ഏറ്റവും പുതിയ സിനിമകൾ ഉൾപ്പെടുത്തിയ ലോകസിനിമാ വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാള സിനിമ ടുഡേ എന്നീ പാക്കേജുകൾ പ്രേക്ഷകർക്ക് ആസ്വദിക്കാം. കൂടാതെ ഛായാഗ്രഹകനും സംവിധായകനുമായ ശിവനോടുള്ള ആദരസൂചകമായി ഫോട്ടോ എക്സിബിഷനും മേളയിൽ സംഘടിപ്പിക്കുന്നുണ്ട്.ശിവനെക്കുറിച്ച് മാദ്ധ്യമ പ്രവർത്തകനായ വി.എസ്.രാജേഷ്  ഗവേഷണവും രചനയും നിർവഹിച്ച് , ശിവന്റെ മകനും വിഖ്യാത ഛാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ സംവിധാനം ചെയ്ത ശിവനയനം എന്ന ഡോക്യുമെന്ററിയും പ്രദർശിപ്പിക്കും.
26 മലയാളം ചിത്രങ്ങളാണ് ഇത്തവണ മേളയിൽ പ്രദർശിപ്പിക്കുന്നത്. ആറു വിഭാഗങ്ങളിലായി പ്രദർശിപ്പിക്കുന്ന മലയാളം ചിത്രങ്ങളിൽ  മത്സര വിഭാഗത്തിലെ നിഷിദ്ധോ, ആവാസ വ്യൂഹം എന്നീ ചിത്രങ്ങളും ഉൾപ്പെടുന്നു. 2020ൽ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ രാഹുൽ റിജി നായർ സംവിധാനം ചെയ്ത കള്ളനോട്ടം എന്ന ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യപ്രദർശനവും മേളയിലുണ്ട്.

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ജിയോ ബേബിയുടെ ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, മാർട്ടിൻ പ്രക്കാട്ടിന്റെ നായാട്ട്, ഉദ്ധരണി, അവനോവിലോന, ബനേർ ഘട്ട, പ്രാപ്പെട, ചവിട്ട്, സണ്ണി, എന്നിവർ, നിറയെ തത്തകളുള്ള മരം, ആർക്കറിയാം, വുമൺ വിത്ത് എ മൂവി ക്യാമറ എന്നീ ചിത്രങ്ങളാണ് മലയാള സിനിമ ഇന്ന് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. അനശ്വര പ്രതിഭ ജി.അരവിന്ദന്റെ കുമ്മാട്ടി എന്ന ചിത്രം റീഡിസ്കവറിംഗ് ദ ക്ലാസിക് വിഭാഗത്തിലും പ്രദർശിപ്പിക്കും.
അന്തരിച്ച നടൻ നെടുമുടി വേണുവിനോടുള്ള ആദരസൂചകമായി തമ്പ്, ആരവം, അപ്പുണ്ണി തുടങ്ങിയ ഏഴു ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. കൂടാതെ, കെ.പി.എ.സി ലളിത, പി. ബാലചന്ദ്രൻ, മാടമ്പ് കുഞ്ഞുകുട്ടൻ, ഡെന്നിസ് ജോസഫ് എന്നീ പ്രതിഭകളോടുള്ള ആദരമായി ഓരോ മലയാള ചിത്രങ്ങളും പ്രദർശിപ്പിക്കുന്നുണ്ട്.
ഫ്രെയിമിംഗ് കോൺഫ്ളിക്ട്
സംഘർഷാവസ്ഥ നിലനിൽക്കുന്ന ദേശങ്ങളിലെ മനുഷ്യരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ഫ്രെയിമിംഗ് കോൺഫ്ളിക്ട് എന്ന പാക്കേജാണ് ഇത്തവണത്തെ മേളയിലെ പ്രധാന ആകർഷണങ്ങളിലൊന്ന്. ആഭ്യന്തര കലാപങ്ങൾ കാരണം സമാധാനം നഷ്ടപ്പെട്ട അഫ്ഗാനിസ്ഥാൻ, മ്യാൻമർ, കുർദിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള സിനിമകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അഫ്ഗാൻ ചിത്രങ്ങളുടെ വിഭാഗത്തിൽ ഹവ മറിയം ആയിഷ, ഡ്രൗണിംഗ് ഇൻ ഹോളി വാട്ടർ, ഓപ്പിയം വാർ, കുർദിസ്ഥാൻ വിഭാഗത്തിൽ കിലോമീറ്റർ സീറോ, മറൂൺഡ് ഇൻ ഇറാഖ്, മ്യാൻമർ വിഭാഗത്തിൽ മണി ഹാസ് ഫോർ ലെഗ്സ്, സ്ട്രേഞ്ചേഴ്സ് ഹൗസ്, ത്രീ സ്ട്രേഞ്ചേഴ്സ് എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നു. രണ്ടുവർഷങ്ങളിലെ വിവിധ അന്താരാഷ്ട്ര മേളകളിൽ ഫിപ്രസ്കി പുരസ്കാരം ലഭിച്ച സിനിമകളുടെ പാക്കേജ് ഫിപ്രസ്കി ക്രിട്ടിക്സ് വീക്ക് എന്ന വിഭാഗത്തിലും പ്രദർശിപ്പിക്കും.