
സായുധവൽക്കരിക്കപ്പെട്ട ഭരണസംഘത്തെ ആയുധങ്ങളില്ലാതെ കീഴ്പ്പെടുത്തുക. അതായിരുന്നു 1996 ഒക്ടോബർ 4ാം തീയതി പാലക്കാട് കളക്ടറേറ്റ് വളപ്പിൽ ഒത്തുകൂടിയ ആ നാല് ചെറുപ്പക്കാരുടെ ലക്ഷ്യം. വർഷങ്ങൾക്കിപ്പുറം ആ സംഭവത്തെ അടിസ്ഥാനമാക്കി 'പട" എന്ന പേരിൽ ഒരു സിനിമ തീയേറ്ററിലെത്തി. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിനായകൻ തന്റെ കാഴ്ചപ്പാടുകൾ തുറന്നു പറയുന്നു.
'പ്രതികരണശേഷി ഉള്ള ആളാണ് ഞാൻ. ഒരു സമയം വരെ പൊട്ടിത്തെറിച്ചിരുന്ന ആളാണെന്ന് തോന്നിയിട്ടുണ്ട്. പിന്നീട് കുറച്ചൂടെ സ്‌പിരിച്വൽ ആയി. കൃത്യമായ രാഷ്ട്രീയം ഉണ്ടോയെന്ന് ചോദിച്ചാൽ രാഷ്ട്രത്തിന്റെ രാഷ്ട്രീയം ചിന്തിക്കുന്ന ആളാണ് ഞാൻ. അല്ലാതെ സംഘടനാരാഷ്ട്രീയം ഇല്ല.
ഇന്നത്തെ യുവാക്കളുടെ പൊതുവായ അവസ്ഥയാണ്. ഗെയിം ആകുമ്പോൾ രണ്ട് ഗ്രൂപ്പ് വേണം. പുതിയ ആൾക്കാർക്ക് ഇപ്പോൾ ഒറ്റ ഗ്രൂപ്പേയുള്ളൂ. ഭരിക്കുന്ന പാർട്ടികളുടെ അടിത്തറ വരെ അത്യാവശ്യം തെന്നി നിൽക്കുന്നുവെന്നതാണ് സത്യാവസ്ഥ. സംഘടാപ്രസ്ഥാനങ്ങൾ അത് ചിന്തിച്ചാൽ അവർക്ക് കൊള്ളാം. "
സിനിമയിൽ നിന്നുള്ള അകലം പാലിക്കുന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. 'രണ്ട് മൂന്ന് പടം കഴിയുമ്പോൾ എനിക്ക് തന്നെ എന്നെ ബോറടിക്കും. അതാണ് അതിന്റെ സത്യം. ഒരു കൊല്ലം ഇത്ര പടം ചെയ്യാമെന്ന് ഞാൻ തീരുമാനിച്ചത് അങ്ങനെയാണ്. എനിക്ക് ഇങ്ങനെയുള്ള പടങ്ങൾ ചെയ്യാനാണ് കൂടുതൽ ഇഷ്‌ടം. കുറച്ച് ഒറിജിനലായി നിൽക്കണം. പാട്ട് പാടണം, ഡാൻസ് ചെയ്യണം അതൊന്നും എനിക്കത്ര പറ്റില്ല.
ഫേസ്ബുക്കിൽ ഇടയ്‌ക്കിടുന്ന ചില ചിത്രങ്ങൾ, അത് എന്റെ പൊളിറ്റിക്‌സാണ്. ആൾക്കാർ ചിന്തിക്കട്ടെ. ഇവിടെ നല്ലൊരു വിഭാഗം ജനങ്ങൾ ചിന്തിക്കുന്നവരാണ്. പക്ഷേ കുറച്ച് ആൾക്കാർക്ക് ഇത്തിരി ചിന്ത കുറവുണ്ട്. അവരൊക്കെ ചിന്തിക്കട്ടെ ഈ പൊട്ടൻ എന്തുകൊണ്ട് ഇങ്ങനെയിട്ടുവെന്ന്. അതിനെ പറ്റി പിന്നൊരു എപ്പിസോഡ് മുഴുവൻ നമുക്ക് ചർച്ച ചെയ്യാം." വിനായകൻ പറഞ്ഞു.