
സംസ്ഥാനത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തിൽ വ്യക്തമായ സ്ഥാനമുള്ള ജില്ലയാണ് കൊല്ലം. അഷ്ടമുടി കായൽ, കൊല്ലം ബീച്ച്, മൺറോ തുരുത്ത്, ജഡായു പാറ, ശാസ്താംകോട്ട കായൽ തുടങ്ങി ഒട്ടനവധി മേഖലകളാണ് കൊല്ലം ജില്ലയിലുടനീളമുള്ളത്. ഈ പട്ടികയിലേക്ക് ഇടം പിടിക്കാനായി ഇപ്പോൾ മറ്റൊരു സ്ഥലം കൂടി എത്തിയിരിക്കുന്നു. ചവറ അടൂർ സംസ്ഥാന പാതയിൽ നിന്ന് വെറും 200 മീറ്റർ മാറി സ്ഥിതി ചെയ്യുന്ന മഞ്ചാടിക്കടവ് എന്ന കായൽ തീരമാണ് ഈ ഒളിഞ്ഞു കിടക്കുന്ന സ്ഥലം. ചവറ തേവലക്കരയ്ക്ക് അടുത്തായിട്ടാണ് മഞ്ചാടിക്കടവുള്ളത്. കരുനാഗപ്പള്ളി - ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷനുകൾക്കും അടുത്തായിട്ടാണ് ഈ കടവ് സ്ഥിതി ചെയ്യുന്നത്. ഏറെ വൃത്തിയുള്ളതും ശാന്തവുമായ പ്രദേശമാണിത്.
ഇവിടെ നിന്ന് ജില്ലയിലെ ഏറെ പ്രസിദ്ധമായ മൺറോതുരുത്തിലേക്ക് അഷ്ടമുടിക്കായലിലൂടെയുള്ള ബോട്ടിംഗ് പ്രദേശത്തിന്റെ ടൂറിസം സാദ്ധ്യതകൾ വർദ്ധിപ്പിക്കുമെന്നാണ് നാട്ടുകാർ പ്രതീക്ഷിക്കുന്നത്. ശാസ്താംകോട്ട കായലിന്റെ മനോഹാരിത ആസ്വദിച്ചുകൊണ്ടുള്ള യാത്ര സഞ്ചാരികളെ നന്നായി ആകർഷിക്കുമെന്നത് തീർച്ചയാണ്. യാത്രയിലുടനീളം ഇരു വശങ്ങളിലും ഒരുപാട് മനോഹര കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. യാത്രയിൽ പ്രശസ്തമായ എസ് വളവിലെ ആർച്ച് മാതൃകയിലുള്ള കണ്ടൽകാടുകൾക്ക് അടുത്തു കൂടെയും ബോട്ട് കടന്നു പോകുന്നുണ്ട്. മൺറോതുരുത്തിലേക്ക് യാത്ര ചെയ്യുന്ന ഓരോരുത്തരും ആഗ്രഹിക്കുന്നതാണ് ഇതിനടുത്തു കൂടെ പോവുകയെന്നത്. മഞ്ചാടിക്കടവിൽ നിന്നുള്ള യാത്രയിൽ ഇതും സാധ്യമാകുമെന്നത് എടുത്തു പറയേണ്ടതാണ്.
ബോട്ടിംഗ് കൂടാതെ അനവധി ജല കായിക വിനോദങ്ങളും നടത്താനുള്ള സാദ്ധ്യതകൾ തുറന്നിടുന്ന സ്ഥലമാണിത്. പ്രദേശത്തെ നാട്ടുകാർ ചേർന്ന് രൂപീകരിച്ച മഞ്ചാടിക്കടവ് ടൂറിസം വികസന സമിതി ഒരു ചെറിയ വാട്ടർ സപോർട്സ് ക്ലബ്ബ് ഇവിടെ ആരംഭിച്ചിട്ടുണ്ട്. ഇവർ തേവലക്കര പഞ്ചായത്തിന്റെ സഹായത്തോടെ ചെറിയ തോതിൽ നീന്തൽ, കയാക്കിംഗ് എന്നിവയിൽ സമീപവാസികളായ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നുണ്ട്.
മഞ്ചാടിക്കടവിനെ മൺറോതുരുത്തുമായി ബന്ധിപ്പിക്കുന്ന കെട്ടുവള്ളം യാത്രയിലൂടെയുള്ള ടൂറിസം വികസനം ഈ സ്ഥലത്തെ, സംസ്ഥാന വിനോദ സഞ്ചാര ഭൂപടത്തിൽ ഉൾപ്പെടുത്താൻ കാരണമാകും എന്നത് തീർച്ചയാണ്. മഞ്ചാടിക്കടവിൽ നിന്നും മൺറോതുരുത്തിലേക്ക് ഒരു ടൂറിസം സർക്യൂട്ട് രൂപവൽക്കരിക്കുന്നതിലൂടെ ഈ പ്രദേശവും ജില്ലയിലെ ജല ടൂറിസത്തിന്റെ ഭാഗമാവും.