
ന്യൂഡൽഹി: രാഷ്‌ട്രീയ ലോകം ഉറ്റുനോക്കിയ ഉത്തർപ്രദേശിലെയുൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ ദയനീയ പ്രകടനം പാർട്ടി നേതൃത്വം ചർച്ച ചെയ്യാനൊരുങ്ങുന്നു. കോൺഗ്രസ് ഉൾപ്പടെ പ്രതിപക്ഷ പാർട്ടികളാകെ അപ്രസക്‌തമായി മാറുന്ന സൂചന നൽകിയ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് സംഭവിച്ച തകർച്ചയെ നാളെ നടക്കുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ ചർച്ചചെയ്യും. ഞായറാഴ്‌ച വൈകുന്നേരം നാലോടെയാകും യോഗം ചേരുക.
2017ൽ ഉത്തർപ്രദേശിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 6.25 ശതമാനം വോട്ടാണ് നേടാനായത്. 2012ലേതിനക്കാൾ 5.4 ശതമാനം കുറവായിരുന്നു ഇത്. ഇത്തവണ ഇത് 2.33 ശതമാനമായി കുത്തനെയിടിഞ്ഞിരുന്നു. മറ്റ് സംസ്ഥാനങ്ങശളിലും അവസ്ഥ സമാനമാണ്. ഭരണം നേടിയ 2017ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പഞ്ചാബിൽ 38.5 ശതമാനം വോട്ട് നേടാനായി. ഇത്തവണ ഇത് 23.3 ശതമാനമായി കുത്തനെ ഇടിഞ്ഞു. മുഖ്യമന്ത്രി ചരൺജിത്ത് ഛന്നി മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും തോറ്റു. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദുവും തോറ്റു.
2017ൽ ഗോവയിൽ ഏറ്റവുമധികം സീറ്റുകളിൽ ജയിച്ച പാർട്ടി കോൺഗ്രസായിരുന്നു. ഇത്തവണ രണ്ടാമതായി മാറി. മണിപൂരിൽ 2017ൽ 35 ശതമാനം വോട്ട് നേടിയത് ഇത്തവണ 17 ശതമാനമായി കുത്തനെയിടിഞ്ഞു. ശശി തരൂരും ജി23 നേതാക്കളും പാർട്ടി പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ വർഷം അവസാനത്തോടെ നടക്കുന്ന ഹിമാചൽ, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ജമ്മു കാശ്‌മീരിൽ നടക്കാനിടയുളള തിരഞ്ഞെടുപ്പിലും വിജയിക്കാൻ പാർട്ടി നേതൃത്വം മെച്ചപ്പെടുന്നതിന് കൂടിയാലോചനകൾ ആവശ്യമാണെന്ന് പാർട്ടി പ്രവർത്തകർക്കും അഭിപ്രായമുണ്ട്.