
കാലിഫോർണിയ: അമേരിക്കയിലെ ഓഫീസ് ജീവനക്കാർക്ക് സൗകര്യങ്ങളേറെയാണ്. ജോലി സ്ഥലത്ത് തന്നെ ജിംനേഷ്യം, റെസ്റ്റൊറന്റുകൾ, ലഘുഭക്ഷണശാലകൾ അങ്ങനെ സൗകര്യങ്ങളുടെ പട്ടിക ഇനിയും നീളും. ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും മാതൃസ്ഥാപനമായ മെറ്റയിലും ഇപ്പറഞ്ഞതെല്ലാമുണ്ട്. അതിലുപരി ജീവനക്കാരുടെ വസ്ത്രങ്ങൾ അലക്കാനുള്ള സൗകര്യവും ഡ്രൈക്ലീനിംഗും പരിചാരക സേവനവും കൂടി മെറ്റ സൗജന്യമായി കൊടുത്തിരുന്നു. ഇതിനൊപ്പം വൈകുന്നേരത്തെ ഭക്ഷണവും കമ്പനി സൗജന്യമായി നൽകിയിരുന്നു.
ഇപ്പോൾ മറ്റൊരു നിർണായക തീരുമാനവുമായി ജീവനക്കാരെ ഞെട്ടിച്ചിരിക്കുകയാണ് മെറ്റ. സൗജന്യമായി കൊടുത്തിരുന്ന സുഖസൗകര്യങ്ങളിൽ ചിലത് കമ്പനി നിർത്തലാക്കിയെന്ന വിവരം ജീവനക്കാർ വെളിപ്പെടുത്തിയതോടെയാണ് മെറ്റയുടെ പുതിയ തീരുമാനങ്ങൾ പുറം ലോകമറിഞ്ഞത്. ഓഫീസിലെത്തി ജോലി ചെയ്യുന്നവർക്ക് കമ്പനി നൽകി വന്നിരുന്ന അധിക സൗകര്യങ്ങളാണ് ഇപ്പോൾ നിർത്തലാക്കിയത്. ഒപ്പം സൗജന്യമായി നൽകി വന്നിരുന്ന രാത്രിഭക്ഷണത്തിന്റെ സമയത്തിലും മാറ്റം വരുത്തി. വൈകീട്ട് ആറ് മണിക്ക് ലഭിച്ചിരുന്ന ഭക്ഷണം ഇനിമുതൽ അര മണിക്കൂർ കൂടി വൈകിയേ ലഭിക്കുകയുള്ളു.
ഭക്ഷണസമയം ആറരയാക്കുന്നതിലൂടെ ഇനി വളരെ കുറച്ച് പേർക്ക് മാത്രമേ സൗജന്യ ഭക്ഷണം കിട്ടുകയുള്ളു. കാരണം ആറു മണിക്കാണ് ഓഫീസിലെ അവസാന ഷിഫ്റ്റ് കഴിഞ്ഞ് ഷട്ടിൽ ബസ് പോകുന്നത്. ഇനി മുതൽ ജോലി കഴിഞ്ഞ് ആറര വരെ കാത്തുനിന്ന് സൗജന്യ ഭക്ഷണം കഴിക്കണോ അതോ ആറുമണിക്കുള്ള സൗജന്യ തിരികെ യാത്ര വേണമോയെന്ന് അവർക്കു തന്നെ തീരുമാനിക്കാം.
ജീവനക്കാർ തിരികെ ഓഫീസിലേക്ക് മടങ്ങിയെത്തുന്ന സാഹചര്യത്തിൽ വീട്ടിലും ഓഫീസിലുമായി ജോലി ചെയ്യുന്ന ഹൈബ്രിഡ് തൊഴിലാളികളുടെ ആവശ്യങ്ങൾ നടപ്പിലാക്കുന്നതിനു വേണ്ടി ചില ഓൺസൈറ്റ് സേവനങ്ങളും സൗകര്യങ്ങളും ക്രമീകരിച്ചതായി ഫേസ്ബുക്ക് വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ഈ മാറ്റങ്ങൾ. മാർച്ച് 28നാണ് ജീവനക്കാർ ഓഫീസുകളിലേക്ക് തിരിച്ചെത്തുന്നത്. ജോലിക്കെത്തുന്നവർ ബൂസ്റ്റർ ഡോസ് വാക്സിനെടുത്തിരിക്കണമെന്ന് നിർദ്ദേശമുണ്ട്. സ്ഥിരം വർക്ക് ഫ്രം ഹോമിന് അപേക്ഷിക്കാനുള്ള സൗകര്യവും കമ്പനി നൽകുന്നുണ്ട്. സൗകര്യങ്ങൾ നിർത്തിയതിനു പിന്നാലെ ഈ വർഷം ജീവനക്കാരുടെ വെൽനസ് സ്റ്റൈഫൻഡ് 700 ഡോളറിൽ നിന്ന് 3,000 ഡോളറായി ഉയർത്തുമെന്നും മെറ്റ അറിയിച്ചു.