
ഗുജറാത്ത് : തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ അമ്മയെക്കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. ഗാന്ധിനഗറിലെ വസതിയിൽ എത്തിയാണ് നരേന്ദ്രമോദി അമ്മ ഹീരാബെൻ മോദിയെ കണ്ടത്. പ്രധാനമന്ത്രിയുടെ ഇളയ സഹോദരൻ പങ്കജ് മോദിയുടെ വീട്ടിലാണ് അമ്മയുള്ളത്. അഹമ്മദാബാദിൽ നടന്ന പൊതുപരിപാടികൾക്ക് ശേഷമാണ് അദ്ദേഹം അമ്മയെ കാണാനെത്തിയത്.
അമ്മയുടെ കാൽ തൊട്ട് അനുഗ്രഹം വാങ്ങിയ മോദി അവർക്കൊപ്പം അത്താഴവും കഴിച്ചു. അമ്മയുടെ ആരോഗ്യവിവരങ്ങളും ക്ഷേമവും തിരക്കിയ ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയത്. സുരക്ഷാവലയങ്ങൾ ഏറെയില്ലാതെയായിരുന്നു അമ്മയെ കാണാൻ പ്രധാനമന്ത്രി എത്തിയത്. അമ്മയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ ട്വീറ്ററിലൂടെ പ്രധാനമന്ത്രി തന്നെയാണ് പങ്കിട്ടത്.
ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് വിജയാഘോഷങ്ങളുടെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദർശനം. ഗുജറാത്ത് വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രി ബിജെപി ഓഫീസിലേക്ക് റോഡ് ഷോ നടത്തിയാണ് എത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബ് ഒഴികെയുള്ള നാലിടത്തും ബിജെപി വിജയിച്ചിരിന്നു.