
സംവിധായകനായി ഇ.എം.അഷ്റഫ്
ഗൾഫ് കുടിയേറ്റത്തിനു ശേഷം സ്വന്തം നാട്ടിലേക്ക് തിരികെ വന്ന ഒരു ഇന്ത്യൻ വംശജന്റെ ജീവിതാനുഭവങ്ങളിലൂടെ കടന്നു പോകുന്ന സിനിമയാണ് മാദ്ധ്യമപ്രവർത്തകനായ ഇ.എം.അഷ്റഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉരു.
അറബ് രാജ്യങ്ങളിലെ ധനാഢ്യർ തങ്ങളുടെ ആവശ്യങ്ങൾക്കായി കമേഴ്സ്യൽ ഉരുവും ആഡംബര ഉരുവും ഇന്ത്യയിലെ പ്രാചീന തുറമുഖങ്ങളിൽ ഒന്നായ ബേപ്പൂരിനു സമീപത്തുള്ള പ്രദേശങ്ങളിൽ നിർമിച്ചിരുന്നു.ആയിരകണക്കിന് ഉരുക്കൾ (dhows) ഇങ്ങനെ ഗൾഫ് രാജ്യങ്ങളിലെ അറബികൾ ബേപ്പൂരിൽ നിർമിച്ചു കൊണ്ടുപോയിരുന്നു. കച്ചവട ഉരുവും ആഡംബര ഉരുവും ഇതിൽ ഉൾപ്പെടുന്നു.

ഇപ്പോൾ ബേപ്പൂരിലെ ഉരു നിർമ്മാണം പ്രതിസന്ധിയിലാണ്. എങ്കിലും ഗൾഫിലെ അറബ്  ധനാഢ്യർ  അപൂർവമായെങ്കിലും ഉരു നിർമ്മിക്കാൻ ബേപ്പൂരിലെത്താറുണ്. അതിലൊരു അനുഭവ കഥയാണ് ഉരു എന്ന ചിത്രം.
ബേപ്പൂർ സ്വദേശിയായ റഷീദ്, ഗൾഫിലെ ഒരു അറബ് സമ്പന്നന്റെ അസിസ്റ്റന്റ് ആയിരുന്നു. 
അറബി ബേപ്പൂരിൽ രണ്ടു ഉരു നിർമ്മിക്കുന്നുണ്ട്. അയാൾ രോഗ ബാധിതനായി കിടപ്പിലായി. അത് കൊണ്ട് അറബി, റഷീദിനെ ബേപ്പൂരിലേക്കയക്കുന്നു. നിർമ്മാണത്തിലിരിക്കുന്ന തന്റെ രണ്ടു ഉരുവിന്റെ നിർമാണ ചുമതലക്കായി. ഉരു നിർമിക്കുന്ന ആശാരിമാരുടെ വേതനവും മരമില്ലുകൾക്കുള്ള തുകയും എല്ലാം റഷീദിന്റെ പേരിൽ അയക്കാമെന്നു അറബി അയാളോട് പറഞ്ഞിരുന്നു. അത് പ്രകാരം സ്വന്തം നാടായ ബേപ്പൂരിലെത്തുന്ന റഷീദ് ഉരു നിർമ്മാണ കേന്ദ്രത്തിലെ അറബിയുടെ രണ്ടു ഉരുക്കളുടെ നിർമാണ മേൽനോട്ടം ഏറെറടുത്തു.
കുറച്ചു കഴിഞ്ഞപ്പോൾ അറബിയുടെ രോഗം മൂർച്ഛിച്ചു. അതോടെ ഉരു നിർമാണത്തിനുള്ള പണം കിട്ടാതായി. ഒരു ഭാഗത്തു മാസങ്ങളോളമുള്ള കൂലി കിട്ടാത്തതിനെ തുടർന്ന് ആശാരിമാരുടെ ദുരിതവും തുടർന്നുള്ള ബഹളവും. മറ്റൊരു ഭാഗത്തു ലക്ഷകണക്കിന് രൂപയുടെ മരം ഉരു നിർമ്മാണത്തിന്  നൽകിയതിന്റെ കാശു നൽകാത്തതിനാൽ മരമില്ലുടമ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും അയാളുടെ ഗുണ്ടകളുമായുള്ള ഭീഷണിയും.
ഇതിനിടയിൽ ആ ദുരന്ത വാർത്ത വന്നു. രോഗാവസ്ഥയിലായ തന്റെ സ്പോൺസർ അറബി മരണപ്പെട്ടു. തീർത്തും നിസഹായനായ റഷീദ് തന്റെ ഏക സമ്പാദ്ധ്യമായ വീട് ജാമ്യമായി വെച്ച് കൊണ്ട് മരമില്ലുടമക്ക് നൽകി. 
എന്നാൽ അതൊന്നും പ്രശ്നപരിഹാരമായില്ല. സങ്കീർണമാകുന്ന സംഭവങ്ങളിലൂടെ ചിത്രം പുരോഗമിക്കുന്നു.
മാമുക്കോയ, മഞ്ജു പത്രോസ്, അനിൽബേബി, കെ.യു.മനോജ് തുടങ്ങിയവരാണ് അഭിനേതാക്കൾ.
മൺസൂർ പള്ളൂർ നിർമ്മിച്ച  ഈ ചിത്രത്തിന്റെ കാമറശ്രീകുമാർ പെരുമ്പടവമാണ്. സംഗീതം ദീപാങ്കുരൻ.