
ആരാധകർ ഏറെ കാത്തിരുന്ന പ്രഭാസ് ചിത്രം രാധേ ശ്യാം ഒടുവിൽ തിയേറ്ററിൽ എത്തിയപ്പോൾ വൻ സ്വീകാര്യതയാണ് ലഭിച്ചത്. രാധാ കൃഷ്ണ കുമാർ തിരക്കഥയെയുതി സംവിധാനം ചെയ്ത റൊമാന്റിക് ഡ്രാമ ചിത്രം ബോക്സ് ഓഫീസ് റെക്കോഡുകൾ മറികടന്ന് മൂന്നാം ദിവസത്തിലേക്ക് നീങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ദിവസത്തെ കളക്ഷൻ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. 79 കോടി രൂപയാണ് ചിത്രം നേടിയത്.  ഇതോടെ കോവിഡ് മഹാമാരിക്കുശേഷം ഏറ്റവും കളക്ഷൻ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമായിരിക്കുകയാണ് രാധേ ശ്യാം. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് മാത്രം 5 കോടിയോളമാണ് ആദ്യ ദിനം നേടിയത്. തെലുങ്കിൽ നിന്നും മലയാളത്തിൽ നിന്നും മികച്ച റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. ഇന്ത്യയിൽ നിന്നു മാത്രമല്ല അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നു മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്. ആദ്യ ദിനം ഓസ്ട്രേലിയയിൽ 1.14 കോടി ചിത്രം നേടിയിരുന്നു. 
പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക. ഹസ്തരേഖ വിദഗ്ദ്ധനായ വിക്രമാദിത്യ എന്ന കഥാപാത്രമായാണ് പ്രഭാസ് എത്തുന്നത്. പ്രേരണ എന്ന കഥാപാത്രത്തെയാണ് പൂജ ഹെഗ്ഡെ അവതരിപ്പിക്കുന്നത്. ടി സീരീസ്, യു.വി ക്രിയേഷൻ എന്നീ ബാനറുകളിൽ ഭൂഷൺ കുമാർ, വാംസി, പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.