shefali-razdan-

വാഷിംഗ്ടൺ : നെതർലൻഡ്സിലെ യു.എസ് അംബാസഡർ സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ ഷെഫാലി റസ്ദാൻ ദുഗലിനെ ( 50 ) നോമിനേറ്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ജോ ബൈഡൻ. ബൈഡന്റെ തീരുമാനം സെനറ്റിന്റെ അംഗീകാരം നേടേണ്ടതുണ്ട്. ജമ്മുകാശ്മീർ സ്വദേശിനിയായ ഷെഫാലി യു.എസിലേക്ക് കുടിയേറുകയായിരുന്നു. സിൻസിനാറ്റി, ഷിക്കാഗോ, ന്യൂയോർക്ക്, ബോസ്റ്റൺ എന്നിവിടങ്ങളിലായിട്ടാണ് ഷെഫാലി വളർന്നത്.

മയാമി യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ ബിരുദം നേടിയ ഷെഫാലി ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. മനുഷ്യാവകാശ, സ്ത്രീ ക്ഷേമ പ്രവർത്തനങ്ങളിൽ സജീവമാണ് ഡെമോക്രാറ്റിക് പാർട്ടി പ്രവർത്തകയായ ഷെഫാലി. യുണൈറ്റഡ് സ്റ്റേറ്റ്സ് ഹോളോകാസ്റ്റ് മെമ്മോറിയൽ മ്യൂസിയം കൗൺസിലിലെ പ്രസിഡൻഷ്യൽ നിയമിത അംഗമായും എമിലിസ് ലിസ്റ്റിന്റെ നാഷണൽ ബോർഡ് ഒഫ് ഡയറക്‌ടേഴ്‌സിലും സേവനമനുഷ്ഠിച്ചിട്ടുള്ള ഷെഫാലി ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്റെ സാൻ ഫ്രാൻസിസ്കോ കമ്മിറ്റി, വേക്ക് ഫോറസ്റ്റ് യൂണിവേഴ്‌സിറ്റി ലീഡർഷിപ്പ് ആൻഡ് ക്യാരക്ടർ കൗൺസിൽ എന്നിവയിലും അംഗമാണ്.

പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ജോ ബൈഡന്റെ പ്രചാരണ ടീമിൽ നാഷണൽ കോ - ചെയർ ഒഫ് വിമൻ, ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റിയിൽ ഡെപ്യൂട്ടി നാഷണൽ ഫിനാൻസ് ചെയർ എന്നീ സ്ഥാനങ്ങളിലും പ്രവർത്തിച്ചു. ബറാക് ഒബാമ, ഹിലരി ക്ലിന്റൻ എന്നിവരുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും ഷെഫാലി സജീവമായിരുന്നു. യു.എസ് ഹോളോകാസ്റ്റ് മെമ്മോറിയൽ മ്യൂസിയത്തിന്റെ വെസ്റ്റേൺ റീജിയണൽ ലീഡർഷിപ്പ് അവാർഡ്, കാലിഫോർണിയ സ്റ്റേറ്റ് അസംബ്ലിയുടെ കമ്മ്യൂണിറ്റി ഹീറോ, നാഷണൽ ഡൈവേഴ്‌സിറ്റി കൗൺസിലിന്റെ കാലിഫോർണിയയിലെ ഏറ്റവും ശക്തരായ സ്ത്രീകളിൽ ഒരാൾ തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.