
തിരുവല്ല: 'മരിച്ചുപോയെന്നു കരുതിയ അമ്മയെയാണ് നിങ്ങൾ എനിക്ക് തിരിച്ച് നൽകിയത്, ഒരിക്കലും മറക്കില്ല" അമ്മയെ കണ്ടെത്തിയ സന്തോഷത്തിൽ നിറകണ്ണുകളോടെ സൗരവ് പറഞ്ഞു. 12 വർഷം മുമ്പാണ് പശ്ചിമബംഗാളിലെ കൃഷ്ണനഗർ സ്വദേശിയായ സൗരവ് സർക്കാരിന്റെ മാതാവ് ലോക്കി സർക്കാരിനെ കാണാതായത്.
വീടുവിട്ടിറങ്ങിയ ലോക്കി ട്രെയിനിലാണ് കേരളത്തിലെത്തിയത്. തുടർന്ന് 11 മാസം പെരുമ്പാവൂർ കുന്നക്കുരുടി ബഥനി സ്നേഹാലയത്തിലെ മാനസികാരോഗ്യ ചികിത്സയിലായിരുന്നു. രണ്ടാഴ്ചമുമ്പ് മഞ്ഞപ്പിത്തം ബാധിച്ച ലോക്കിയെ വിദഗ്ദ്ധചികിത്സയ്ക്കായി തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ഇവിടുത്തെ ജനറൽസർജറി വിഭാഗത്തിലെ ഡോ.മനോജ് ഗോപാലിന്റെ ചികിത്സയും പരിചരണവുമാണ് ലോക്കിയുടെ ജീവിതം മാറ്റിമറിച്ചത്. ഡോക്ടർ ഇവരുടെ ദയനീയാവസ്‌ഥ മനസിലാക്കി ബന്ധുക്കളെ കണ്ടെത്താൻ ശ്രമംതുടങ്ങി. ബംഗാളി ഭാഷമാത്രം സംസാരിക്കുന്ന ലോക്കിയോട് വിവരങ്ങൾ ചോദിച്ചറിയുവാൻ ബംഗാളിൽ ജോലിചെയ്തിരുന്ന തന്റെ ബന്ധുവായ മായാ ശേഖറിനെ സ്ഥലത്തെത്തിച്ചു.
 വഴിത്തിരിവായത് ഡോക്ടറുടെ ഇടപെടൽ
മാനസിക വെല്ലുവിളി നേരിടുന്ന ലോക്കിയിൽ നിന്ന് ആദ്യം ശരിയായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. തന്റെ വീടിന്റെ വിലാസം ഭാഗികമായി ഒടുവിൽ ലോക്കി പറഞ്ഞത് വഴിത്തിരിവായി. അങ്ങനെ ലഭിച്ച പോസ്റ്റ് കോഡ് വച്ച് ഡോ. മനോജ് ഗോപാൽ പോസ്റ്റൽ സർവീസിൽ ജോലിയുള്ള തന്റെ സുഹൃത്ത് മുഖേന ബംഗാളിലെ പോസ്റ്റൽ വകുപ്പുമായി ബന്ധപ്പെട്ട് ലോക്കിയുടെ മകനെ കണ്ടെത്തുകയായിരുന്നു. ഫോണിൽ അമ്മയെ കണ്ടതോടെ സൗരവ് തിരിച്ചറിഞ്ഞു. ഇന്നലെ സൗരവ് എത്തി. വർഷങ്ങൾക്കുശേഷം പെറ്റമ്മയെ കണ്ടെത്താൻ നിമിത്തമായ ഡോ. മനോജ് ഗോപാലിനോടും ഇത്രയുംകാലം ശുശ്രൂഷിച്ച ബഥനി സ്നേഹാലയത്തിലെ സിസ്റ്റർമാരായ ജോയൽ, വന്ദന, പ്രതിഭ, നൈർമ്മല്യ എന്നിവരോടുമെല്ലാം കൈകൂപ്പി നന്ദി അറിയിച്ച സൗരവ് അമ്മയെ ഉടൻ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ്.