
അമൃത്സർ: പഞ്ചാബ് തിരഞ്ഞെടുപ്പിൽ നേടിയ വമ്പൻ വിജയത്തിന് പിന്നാലെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ലക്ഷ്യമിട്ട് ആം ആദ്മി. തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കേരളം, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ മെമ്പർഷിപ് കാമ്പെയിൻ ആരംഭിക്കുമെന്ന് ആപ്പിന്റെ മുതിർന്ന നേതാവ് സോമനാഥ് ഭാരതി പറഞ്ഞു. പഞ്ചാബിലെ വിയജയത്തിന് ശേഷം ദക്ഷിണേന്ത്യക്കാരും തങ്ങളുടെ പാർട്ടിയിൽ താൽപ്പര്യം കാണിക്കാൻ തുടങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. ഇത് കണക്കിലെടുത്താണ് മേഖലയിലുടനീളം മെമ്പർഷിപ് കാമ്പെയിനുകൾ ആരംഭിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിടങ്ങളിൽ പാർട്ടിയുടെ പ്രചാരണം വ്യാപിപ്പിക്കും. ഘട്ടംഘട്ടമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുടനീളം കാൽനട ജാഥകൾ നടത്താൻ പാർട്ടി തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏപ്രിൽ 14 ന് ബി.ആർ അംബേദ്കറുടെ ജന്മദിന പരിപാടിയോടെ തെലങ്കാനയിൽ നിന്ന് ആദ്യ കാൽനട ജാഥ ആരംഭിക്കുമെന്നും ഡൽഹിയിലെ ജനങ്ങളിൽ പാർട്ടിയുണ്ടാക്കിയ മാറ്റം ഉയർത്തിക്കാട്ടുമെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി 2018ൽ കർണാടക, തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ആപ്പ് മത്സരിച്ചെങ്കിലും അക്കൗണ്ട് തുറക്കാനായില്ല