v

ന്യൂഡൽഹി: യുക്രെയിനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ തിരികെ നാട്ടിലെത്തിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചത് ധൈര്യവും ചുറുചുറുക്കും കൈമുതലായ ഒരു 24 കാരിയാണ്. കൊൽക്കത്ത സ്വദേശിയായ മഹാശ്വേത ചക്രവർത്തിയാണ് ദൗത്യത്തിന് ചുക്കാൻ പിടിച്ചത്. നാല് വർഷമായി ഒരു സ്വകാര്യ വിമാന കമ്പനിയിലെ പൈലറ്റായ മഹാശ്വേത ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി യുക്രെയിനിൽ കുടുങ്ങിയ 800ലധികം വിദ്യാർത്ഥികളെ ആറ് വിമാനങ്ങളിലായി നാട്ടിലെത്തിച്ചു.ഈ ചെറിയ പ്രായത്തിൽ യുദ്ധ ഭൂമിയിലകപ്പെട്ട ഇന്ത്യൻ പൗരന്മാരെ രക്ഷിക്കാൻ സാധിച്ചത് ജീവിത കാലത്തെ ഏറ്റവും മഹത്തായ അനുഭവമാണെന്ന് മഹാശ്വേത പറഞ്ഞു. ദിവസവും 14 മണിക്കൂറോളം എയർബസ് എ 320 വിമാനം പറത്തേണ്ടി വന്നെങ്കിലും വിദ്യാർത്ഥികളെ ഭയാനകരമായ സാഹചര്യത്തിൽ നിന്നും തിരികെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതോർത്ത് ജോലി ഭാരം കാര്യമാക്കിയില്ലെന്നും ശ്വേത പറയുന്നു. യാത്രക്കിടെ 21 വയസ്സുള്ള ഒരു പെൺകുട്ടിക്ക് സമ്മർദ്ദം കാരണം ഫിറ്റ്‌സ് ബാധിച്ച സംഭവം ശ്വേതയുടെ മനസ്സിൽ മായാതെയുണ്ട്. അർദ്ധബോധാവസ്ഥയിൽ തന്റെ കൈകളിൽ മുറുകെപ്പിടിച്ച അവൾ അമ്മയുടെ അടുത്തേക്ക് കൊണ്ടുപോകാനാവശ്യപ്പെട്ട നിമിഷം ഒരിക്കലും മറക്കാനാകില്ലെന്ന് ശ്വേത പറയുന്നു. രക്ഷാപ്രവർത്തനത്തിനായി തെരഞ്ഞെടുത്തതറിയിച്ച് രാത്രി വൈകിയാണ് കോൾ ലഭിച്ചത്. ശേഷം രണ്ട് മണിക്കൂറിനുള്ളിൽ ബാഗെല്ലാം പാക് ചെയ്ത് ദൗത്യത്തിന്റെ ഭാഗമാകുകയായിരുന്നു - ശ്വേത പറയുന്നു. യു.പിയിലെ ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉദാൻ അക്കാഡമിയിൽ നിന്ന് ബിരുദം നേടിയ മഹാശ്വേത വന്ദേ ഭാരത് മിഷന്റെയും ഭാഗമായിരുന്നു.