punjab

അമൃത്സർ: പഞ്ചാബിലെ മുൻ മന്ത്രിമാർ,​ എം.എൽ.എമാർ എന്നിവരടക്കം 122 പേരുടെ സുരക്ഷ ക്രമീകരണങ്ങൾ പിൻവലിച്ച് പഞ്ചാബ് പൊലീസ്. നിയുക്ത പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ കഴിഞ്ഞ ദിവസം പഞ്ചാബ് ഡി.ജി.പി വി.കെ ഭവ്രയുമായി കുടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണിത്. തിരഞ്ഞെടുപ്പിൽ വിജയിച്ച മുൻ കോൺഗ്രസ് എം,​എൽ.എമാരുടെ സുരക്ഷയും കാബിനറ്റ് അംഗമല്ലെന്ന കാരണത്താൽ റദ്ദാക്കി. കോൺഗ്രസ് മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന മൻപ്രീത് സിംഗ് ബാദൽ,​ രാജ് കുമാർ വെർക്ക,​ ഭാരത് ഭൂഷൺ അഷു,​ രൺദീപ് സിംഗ് നഭ,​ അമരിന്ദർ സിംഗ് രാജ,​ മൻപ്രീത് സിംഗ് ബാദൽ,​ വിധാൻ സഭയിലെ മുൻ ഉപാദ്ധ്യക്ഷൻ അജൈബ് സിംഗ് ഭട്ടി, മുൻ സ്പീക്കർ കെ.പി സിംഗ് എന്നീ പ്രമുഖർക്കടക്കം സുരക്ഷ നഷ്ടമായി. അതേസമയം,​ സർക്കാർ രൂപീകരണത്തിന്റെ ഭാഗമായി ഭഗവന്ത് സിംഗ് മാൻ പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിതിനെ രാജ്ഭവനിലെത്തി സന്ദർശിച്ച് പിന്തുണ തേടി.