
അമൃത്സർ: പഞ്ചാബിലെ മുൻ മന്ത്രിമാർ, എം.എൽ.എമാർ എന്നിവരടക്കം 122 പേരുടെ സുരക്ഷ ക്രമീകരണങ്ങൾ പിൻവലിച്ച് പഞ്ചാബ് പൊലീസ്. നിയുക്ത പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ കഴിഞ്ഞ ദിവസം പഞ്ചാബ് ഡി.ജി.പി വി.കെ ഭവ്രയുമായി കുടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണിത്. തിരഞ്ഞെടുപ്പിൽ വിജയിച്ച മുൻ കോൺഗ്രസ് എം,എൽ.എമാരുടെ സുരക്ഷയും കാബിനറ്റ് അംഗമല്ലെന്ന കാരണത്താൽ റദ്ദാക്കി. കോൺഗ്രസ് മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന മൻപ്രീത് സിംഗ് ബാദൽ, രാജ് കുമാർ വെർക്ക, ഭാരത് ഭൂഷൺ അഷു, രൺദീപ് സിംഗ് നഭ, അമരിന്ദർ സിംഗ് രാജ, മൻപ്രീത് സിംഗ് ബാദൽ, വിധാൻ സഭയിലെ മുൻ ഉപാദ്ധ്യക്ഷൻ അജൈബ് സിംഗ് ഭട്ടി, മുൻ സ്പീക്കർ കെ.പി സിംഗ് എന്നീ പ്രമുഖർക്കടക്കം സുരക്ഷ നഷ്ടമായി. അതേസമയം, സർക്കാർ രൂപീകരണത്തിന്റെ ഭാഗമായി ഭഗവന്ത് സിംഗ് മാൻ പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിതിനെ രാജ്ഭവനിലെത്തി സന്ദർശിച്ച് പിന്തുണ തേടി.