kk

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബ് പിടിച്ചെടുത്ത് ദേശീയ രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആം ആദ്‌മിപാർട്ടി അദ്ധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെ‌ജ്‌രിവാളിന് കടിഞ്ഞാണിടാൻ കേന്ദ്രസർക്കാർ നീക്കം. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേലിനെ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറാക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ലക്ഷദ്വീപില്‍ വിവാദ നിയമങ്ങള്‍ നടപ്പിലാക്കി വിവാദ നായകനായി മാറിയ വ്യക്തിയാണ് പ്രഫുല്‍ ഖോഡാ പട്ടേല്‍. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ട്വീറ്റാണ് പുതിയ ലെഫ്റ്റനന്റ് ഗവര്‍ണറെക്കുറിച്ചുള്ള ചര്‍ച്ച സജീവമാക്കിയത്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ ഡെല്‍ഹിയുടെ അടുത്ത ലെഫ്റ്റനന്റ് ഗവര്‍ണര്‍ ആണോയെന്നായിരുന്നു കെജ്‌രിവാളിന്റെ ട്വീറ്റ്. ഇതോടെ സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമായിട്ടുണ്ട്. നിലവില്‍ എസ്.എച്ച് അനില്‍ ബൈജാലാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍.

Is Mr Praful Patel, Administrator of Lakshdweep, being made the next LG of Delhi?

— Arvind Kejriwal (@ArvindKejriwal) March 12, 2022

ബി.ജെ.പിയുടെ പ്രമുഖ നേതാവായിരുന്ന പ്രഫുല്‍ ഖോഡാ പട്ടേല്‍ 2020 ഡിസംബറിലാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേര്‍ സ്ഥാനം ഏറ്റെടുക്കുന്നത്. പിന്നാലെ അദ്ദേഹം നടപ്പിലാക്കിയ നിയമപരിഷ്‌കാരങ്ങള്‍ ദ്വീപില്‍ ജനകീയ പ്രക്ഷോഭത്തിന് വഴിവെച്ചിരുന്നു. ബി.ജെ.പിയുടെ നയങ്ങള്‍ നടപ്പിലാക്കുകയാണ് പ്രഫുല്‍ എന്നായിരുന്നു അന്ന് ഉയര്‍ന്ന പ്രധാന വിമര്‍ശനം.

നേരത്തെ പഞ്ചാബിലെ വിജയത്തിന് പിന്നാലെ തങ്ങളുടെ അടുത്ത ലക്ഷ്യം ഗുജറാത്താണെന്ന് അരവിന്ദ് കെജ്‌രിവാൾ പ്രഖ്യാപിച്ചിരുന്നു. ഞങ്ങളുടെ റഡാറിലുള്ള രണ്ട് സംസ്ഥാനങ്ങളാണ് ഗുജറാത്തും ഹിമാചൽപ്രദേശും. അടുത്ത മാസം മുഖ്യമന്ത്രിമാരായ കെജ്‌രിവാളും ഭഗവന്ത് മാനും ഗുജറാത്തിൽ വിജയ യാത്ര നയിക്കും. തുടക്കമെന്ന നിലയിൽ ഈ മാസം 16 വരെ എല്ലാ വാർഡുകളിലും വിജയ യാത്രകൾ സംഘടിപ്പിക്കും. ഇനി ഞങ്ങൾ ഒരു പ്രാദേശിക പാർട്ടിയല്ല. 2024 ഓടെ ദേശീയ പാർട്ടിയായി മാറി കോൺഗ്രസിന് ബദലാകും. ഒരു ദിവസം കെജ്‌രിവാൾ രാജ്യത്തെ നയിക്കുമെന്നും എ.എ.പി ഗുജറാത്ത് ഇൻ ചാർജ് ഗുലാബ് സിംഗ് പറഞ്ഞു.