
ഹാമിൽട്ടൺ: വനിതാ ലോകകപ്പിൽ വെസ്റ്റിൻഡീസിനെ 155 റണ്ണിന് തകർത്ത് ഇന്ത്യൻ വനിതകളുടെ തേരോട്ടം. ഓപ്പണർ സ്മൃതി മന്ദാനയും ടി ട്വന്റി ക്യാപ്ടൻ ഹർമൻപ്രീത് കൗറും തകർത്താടിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ വനിതകൾ നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 317 റണ്ണെടുത്തു. 123 പന്തിൽ 119 റണ്ണെടുത്ത മന്ദാനയുടെയും 107 പന്തിൽ 109 റണ്ണെടുത്ത ഹർമൻപ്രീതിന്റെയും ബാറ്റിംഗാണ് ഇന്ത്യയെ മികച്ച സ്കോറിൽ എത്തിച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യൻ ക്യാപ്ടൻ മിഥാലി രാജിന്റെ തീരുമാനത്തെ ശരി വയ്ക്കുന്ന പ്രകടനമായിരുന്നു ഇന്ത്യ പുറത്തെടുത്തത്. മറുപടി ബാറ്റിംഗിൽ 40.3 ഓവറിൽ 162 റൺ എടുക്കുന്നതിനിടെ വെസ്റ്റിൻഡീസിന്റെ എല്ലാ താരങ്ങളും പുറത്തായി.
നാലാം വിക്കറ്റിൽ സ്മൃതിയും ഹർമനും ചേർന്ന് നേടിയ 184 റണ്ണിന്റെ കൂട്ടുകെട്ടാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. മത്സരത്തിലെ മികച്ച താരത്തിനുള്ള പുരസ്കാരം ഇരുവരും ചേർന്ന് പങ്കിടുകയും ചെയ്തു. ഇന്ത്യൻ നിരയിൽ സ്മൃതിയേയും ഹർമാനെയും കൂടാതെ ഓപ്പണർ യസ്തിക ഭാട്ടിയ മാത്രമാണ് കുറച്ചെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. 21 പന്തിൽ 31 റണ്ണെടുത്ത് പുറത്തായ യസ്തിക സ്മൃതിയോടൊപ്പം ഭേദപ്പെട്ട തുടക്കം ഇന്ത്യക്ക് നൽകിയിരുന്നു. എന്നാൽ ക്യാപ്ടൻ മിഥാലി രാജ് അടക്കമുള്ള മറ്റ് ഇന്ത്യൻ ബാറ്റർമാർ വലിയ പരാജയമായി. 10 റണ്ണെടുത്ത പൂജാ വസ്ത്രാക്കർ ഒഴിച്ചാൽ വേറെയാരും രണ്ടക്കം കണ്ടത് പോലുമില്ല.
എന്നാൽ ബൗളിംഗിൽ ഇന്ത്യൻ വനിതകൾ എതിരാളികളെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. മൂന്ന് വിക്കറ്റെടുത്ത സ്നേഹ് റാണ, രണ്ട് വിക്കറ്റെടുത്ത മേഘ്ന സിംഗ് എന്നിവർ ഇന്ത്യക്ക് വേണ്ടി മികച്ചു നിന്നു. ജുലാൻ ഗോസ്വാമി, രാജേശ്വരി ഗയ്ക്ക്‌വാദ്, പൂജാ വസ്ത്രാക്കർ എന്നിവർ ഓരോ വിക്കറ്റുകളെടുത്തു.
ഈ ജയത്തോടെ എട്ടു ടീമുകളടങ്ങിയ ടൂർണമെന്റിന്റെ പൊയിന്റ് നിലയിൽ ഇന്ത്യ ഏറ്റവും മുന്നിലെത്തി. ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക എന്നിവരാണ് ഇന്ത്യയുടെ പിന്നിലുള്ള മറ്റ് ടീമുകൾ. മൂന്ന് കളികളിൽ നിന്ന് നാല് പൊയിന്റുകളാണ് ഇന്ത്യയ്ക്കുള്ളത്. മറ്റ് മൂന്ന് പേർക്കും നാല് പൊയിന്റുകളുണ്ടെങ്കിലും ഇന്ത്യയുടെ നെറ്റ് റൺറേറ്റ് എതിരാളികളെക്കാളും വളരെ മുന്നിലാണ്.
India on 🔝#CWC22 standings after India's big win over West Indies: pic.twitter.com/E8obtJQljK
— ICC Cricket World Cup (@cricketworldcup) March 12, 2022