
കോട്ടയം: പാറമടയിലെ കുളത്തിലേക്ക് മറിഞ്ഞ് കാണാതായ ലോറിയിൽ നിന്നും ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം പാറശാല എസ്.എസ് ഭവനിൽ ബി. അജികുമാറിന്റെ(48) മൃതദേഹമാണ് ലോറിയുടെ ക്യാബിനിൽ കുരുങ്ങിയ നിലയിൽ കണ്ടത്. രണ്ട് ക്രെയിനുകൾ ഉപയോഗിച്ച് മുങ്ങിയ ലോറി ഉയർത്തിയെടുത്തു. വെളളിയാഴ്‌ച രാത്രി 9.15ഓടെ മറിയപളളി മുട്ടത്ത് പാറമടയിലെ കുളത്തിലേക്ക് മറിഞ്ഞ ലോറി ഉയർത്താനായത് ഇന്ന് വൈകിട്ട് നാലുമണിയോടെ മാത്രമാണ്.
വലിയ ശബ്‌ദത്തോടെ രാത്രിയിൽ പാറമടയിലെ കുളത്തിലേക്ക് ലോറി മറിഞ്ഞ ശബ്‌ദം സമീപവാസികളാണ് ആദ്യം കേട്ടത്. എന്നാൽ ഡ്രൈവർ ലോറിയിലുണ്ടോ എന്ന് ഉറപ്പുണ്ടായിരുന്നില്ല. വിവരം അറിഞ്ഞ് ചിങ്ങവനം പൊലീസും അഗ്നിരക്ഷാ സേനയും എത്തിയപ്പോഴേക്കും ലോറി വെളളത്തിൽ മുങ്ങി. 10 ടൺ യൂറിയയാണ് ലോറിയിലുണ്ടായിരുന്നത്. ആലപ്പുഴയിലെ ചേപ്പാട് ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി. ഡ്രൈവർക്ക് വൈകുന്നേരം ലോഡ് കയറ്റാനെത്തിയപ്പോൾ ശാരീരീക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായി ഏജൻസി ഉടമ എം.ആർ രാജേന്ദ്രക്കുറുപ്പ് പറഞ്ഞു. 60 അടിയോളമാണ് കുളത്തിന്റെ താഴ്‌ച എന്നറിഞ്ഞ ശേഷം മണ്ണുമാന്തിയന്ത്രം കൊണ്ടുവന്ന് സമീപത്തെ മതിലിടിച്ച് വഴി വലുതാക്കിയ ശേഷം രണ്ട് ക്രെയിൻ കൊണ്ടുവന്ന് ലോറി ഉയർത്താൻ ശ്രമിച്ചു.
മന്ത്രി വി.എൻ വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. എംഎൽഎ, നഗരസഭാ ചെയർപെഴ്‌സൺ ബിൻസി സെബാസ്‌റ്റ്യൻ, ജില്ലാ കളക്‌ടർ പി.കെ ജയശ്രീ എന്നിവരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. ആദ്യം ഒരു ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തുന്നത് പരാജയപ്പെട്ടതോടെയാണ് രണ്ടാമത് ക്രെയിൻ കൊണ്ടുവന്നത്.