kk

കീവ് : യുക്രെയിൻ നഗരമായ മരിയുപോളിലെ ചരിത്രപ്രസിദ്ധമായ മുസ്‌ലിം പള്ളിക്ക് നേരെ റഷ്യൻ സൈന്യത്തിന്റെ ഷെല്ലാക്രമണം. തുർക്കി പൗരൻമാരുൾപ്പെടെ മുതിർന്നവരും കുട്ടികളുമടക്കം എൺപതോളം സിവിലിയൻമാർ പള്ളിയിൽ അഭയം തേടിയിരുന്നതായി യുക്രെയിൻ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. ''മരിയൂപോളിലെ സുൽത്താൻ സുലൈമാന്റെയും അദ്ദേഹത്തിന്റെ ഭാര്യ റോക്‌സോലനയുടെയും (ഹുറെം സുൽത്താൻ) പള്ളിയിൽ റഷ്യ ഷെല്ലാക്രമണം നടത്തി. തുർക്കി പൗരൻമാരടക്കം എൺപതിലധികം സിവിലിയൻമാരാണ് പള്ളിയിൽ അഭയം തേടിയിരുന്നത്.''-വിദേശകാര്യമന്ത്രാലയം ട്വീറ്റ് ചെയ്തു.

അതേസമയം യുക്രെയിൻ തലസ്ഥാനമായ കീവ് പിടിക്കാൻ ലക്ഷ്യമിട്ട് റഷ്യ ആക്രമണം ശക്തമാക്കിയതായാണ് റിപ്പോർട്ട്. കീവിന്റെ വടക്ക് പടിഞ്ഞാറൻ ഭാഗത്തിലൂടെയാണ് റഷ്യൻ സേന കടന്നുകയറ്റം നടത്തുന്നത്. മരിയൂപോൾ, ഒഡേസ, ഖാർകീവ് നഗരങ്ങളും റഷ്യ ശക്തമായ ആക്രമണം നടത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.