india-women

വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്ക് വമ്പൻ ജയം

വെസ്റ്റിൻഡീസിനെ 155 റൺസിന് കീഴടക്കി

സ്‌മൃതി മന്ഥനയ്ക്കും ഹർമ്മൻപ്രീതിനും സെഞ്ച്വറി

മൗണ്ട്മാംഗന്യൂയി: വനിതാ ലോകകപ്പിൽ വെസ്റ്റിൻഡീസിന്റെ വിജയക്കുതിപ്പിന് ഫുൾസ്റ്റോപ്പിട്ട് ഇന്ത്യ 155 റൺസിന്റെ വമ്പന വിജയം സ്വന്തമാക്കി സെമി പ്രതീക്ഷകൾ സജീവമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണർ സ്മൃതി മന്ഥനയുടേയും (123), വൈസ് ക്യാപ്ടൻ ഹർമ്മൻ പ്രീത് കൗറിന്റെയും (109) സെഞ്ച്വറികളുടെ പിൻബലത്തിൽ 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 317 റൺസെടുത്തു. മറുപടിക്കിറങ്ങിയ വെസ്റ്റിൻഡീസ് മികച്ച തുടക്കം മുതലാക്കാനാകാതെ 40.3 ഓവറിൽ 162 റൺസിന് ഓൾഔട്ടാവുകയായിരുന്നു.

നിർണായക മത്സരത്തിൽ ഇന്ത്യൻ ക്യാപ്ടൻ മിതാലി രാജ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സ്മൃതിയും യാസ്തിക ഭാട്ടിയയും (31) ഒന്നാം വിക്കറ്റിൽ 49 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ യാസ്തികയും മിതാലിയും (5), ദീപ്തി ശർമ്മയും (15) എറെക്കുറെ അടുത്തടുത്ത് മടങ്ങിയതോടെ 78/3 എന്ന നിലയിലായി ഇന്ത്യ. അവിടെ വച്ച് ക്രീസിലൊന്നിച്ച സ്മൃതിയും ഹർമ്മനും തകർച്ചയിൽ നിന്ന് കരകയറ്റി കളി ഇന്ത്യയുടെ വരുതിയിൽ ആക്കുകയായിരുന്നു. നാലാം വിക്കറ്റിൽ 174 പന്ത് നേരിട്ട് ഇരുവരും കൂട്ടിച്ചേർത്തത് 184 റൺസാണ്. വനിതാ ലോകകപ്പിൽ ഏതുവിക്കറ്റിലേയും ഇന്ത്യയുടെ ഏറ്റവും വലിയ പാർട്ട്ണർഷിപ്പാണ് ഇത്. ഇന്ത്യൻ സ്കോർ 262ൽ വച്ച് സ്മൃതിയെ സെൽമാന്റെ കൈയിൽ എത്തിച്ച് ഷാമിലിയ കോണ്ണൽ ആണ് കൂട്ടുകെട്ട് പൊളിച്ചത്. 119 പന്ത് നേരിട്ട് 13 ഫോറും 2 സിക്സും ഉൾപ്പെടെയാണ് സ്മൃതി 123 റൺസ് നേടിയത്. 107 പന്തിൽ 10 ഫോറും 2 സിക്സും ഉൾപ്പെട്ടതാണ് ഹർമ്മന്റെ 109 റൺസിന്റെ ഇന്നിംഗ്സ്. വിൻഡീസിനായി അനീസ് മൊഹമ്മദ് രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ വിൻഡീസിന് ദിയേന്ദ്ര ഡോട്ടിനും (46 പന്തിൽ 62), ഹെയ്‌ലി മാത്യൂസും (43) മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 100 റൺസിന്റെ സെഞ്ച്വറി പാർട്ട്‌ണർഷിപ്പുണ്ടാക്കി.

13-ാമത്തെ ഓവറിലെ രണ്ടാം പന്തിൽ സ്‌നേഹ റാണയുടെ പന്തിൽ മേഘ്ന സിംഗ് പിടിച്ച് ഡോട്ടിൻ പുറത്തായതോടെ വിൻഡീസിന്റെ തകർച്ച തുടങ്ങുകയായിരുന്നു.

കിസിയ നൈറ്റ് (5) ക്യാപ്ടൻ സ്റ്റെഫാനി ടെയ്‌ലർ (1),ഷെമെയിൻ കാംപൽ (11),ചിനെല്ലെ ഹൻറി (7), അലിയ അല്ലെയിൻ (7) എന്നിവരെല്ലാം വന്നപോലെ മടങ്ങി. ചെദെൻ നേഷൻ (19) അല്പനേരം പിടിച്ചു നിന്നു. ഇന്ത്യയ്ക്കായി സ്നേഹ റാണ മൂന്നും മേഘ്‌ന സിംഗ് രണ്ട് വിക്കറ്റും വീഴ്ത്തി.

മിതാലി മൊമന്റ്- ഐ.സി.സി വനിതാ ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ക്യാപ്ടനായ താരമെന്ന റെക്കാഡ് മിതാലി രാജ് സ്വന്തമാക്കി. മിതാലി നേതൃത്വത്തിൽ ഇന്ത്യ ഇറങ്ങിയ 24-ാം ലോകകപ്പ് മത്സരമായിരുന്നു ഇന്നലത്തേത്. ആസ്ട്രേലിയയുടെ ബെലിൻഡ ക്ലർക്കിന്റെ റെക്കാഡാണ് മിതാലി മറികടന്നത്. ഏകദിനത്തിൽ ഒരു

ടീമിനെ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ നയിച്ച വനിതാ താരമെന്ന റെക്കാഡും 39കാരിയായ മിതാലിയ്ക്ക് സ്വന്തമാണ്.ർ

40- വനിതാ ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമെന്ന റെക്കാഡ് ഇന്ത്യൻ വെറ്റ്റൻ പേസർ ജുലൻ ഗോസ്വാമി നേടി. ഇന്നലെ അനീസ മുഹമ്മദിനെ പുറത്താക്കിയതോടെ ജുലന്റെ ലോകകപ്പ് വിക്കറ്റുകളുടെ എണ്ണം 40 ആയി.

317/8- ഏകദിനത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറാണ് വിൻഡീസിനെതിരെ നേടിയത്.

184- നാലാം വിക്കറ്റിൽ സ്മൃതിയും ഹർമ്മനും കൂട്ടിച്ചേർത്ത 184 റൺസ് വനിതാ ലോകകപ്പിൽ ഏതുവിക്കറ്റിലേയും ഇന്ത്യയുടെ ഏറ്റവും വലിയ പാർട്ട്ണർഷിപ്പാണ്. ഹർമ്മന്റെ മൂന്നാമത്തേയും സ്മൃതിയുടെ രണ്ടാമത്തേയും ലോകകപ്പ് സെഞ്ച്വറിയാണ് ഇന്നലത്തേത്. കളിയിലെ താരമായി ഇരുവരേയും തിരഞ്ഞടുത്തു.