gokulam-kerala-fc

കൊൽക്കത്ത: ഐ ലീഗ് മത്സരത്തിൽ ഗോകുലം കേരള എഫ് സി മുംബൈയിൽ നിന്നുമുള്ള കെങ്കറെ എഫ് സിയെ 6-2ന് പരാജയപ്പെടുത്തി. ഗോകുലത്തിനു വേണ്ടി സ്ലോവേനിയൻ താരം ലുക്കാ മജ്‌സെൻ ഹാട്രിക്കും, മലയാളി താരങ്ങളായ എം എസ് ജിതിൻ, താഹിർ സമാൻ, മുഹമ്മദ് ഉവായിസ് എന്നിവർ ഓരോ ഗോളുകളും നേടി. കഴിഞ്ഞ മത്സരത്തിൽ റിയൽ കാശ്മീരിനെ 5 -1 തോല്പിച്ച ഗോകുലം ഇതോടെ നാലു മത്സരങ്ങളിൽ നിന്നും പത്തു പോയിന്റ് സ്വന്തമാക്കി.

കളിയുടെ മൂന്നാം മിനിറ്റിൽ തന്നെ ലൂക്കയുടെ ഗോളിലൂടെ മുന്നിലെത്തിയ ഗോകുലം മത്സരത്തിന്റെ ആദ്യ പകുതിയിൽ മുഴുവനും ആധിപത്യം തുടർന്നു. കാശ്മീരിനെതിരെയും ഗോളടിച്ച ജിതിൻ ഗോകുലത്തിന്റെ ലീഡ് ഉയർത്തി. ജിതിന്റെ ഐ ലീഗിലെ രണ്ടാം ഗോൾ ആണിത്.

തൊട്ടുപിറകേ താഹിർ സമാനിലൂടെ ഗോകുലം മൂന്നാം ഗോളും നേടി. എമിൽ ബെന്നിയുടെ മികച്ച അസ്സിസ്റ്റാണ് ഗോളിന് വഴിയൊരുക്കിയത്. രണ്ടാം പകുതിയിൽ ലുക്കാ മജ്‌സെൻ നാലാമത്തെയും അഞ്ചാമത്തേയും ഗോളുകൾ നേടി. ആറാമത്തെ ഗോൾ നിലമ്പൂർ സ്വദേശി മുഹമ്മദ് ഉവായിസ് സ്കോർ ചെയ്തു. ഡി ബോക്സിനു സമീപത്തിൽ നിന്നും ഇടതു കാലു കൊണ്ട് തൊടുത്ത അതുഗ്രൻ ഷോട്ട് ഗോളിയെ മറികടന്നു ഗോൾ ആവുകയായിരിന്നു.

അതേസമയം കെങ്കറെ യ്ക്ക് വേണ്ടി മാർട്ടിൻ, ലെസ്റ്റർ ഫെർണാണ്ടസ് എന്നിവർ ആശ്വാസ ഗോളുകൾ കണ്ടെത്തി. ഗോകുലം കേരള എഫ് സി അടുത്ത മത്സരത്തിൽ മണിപ്പുരിൽ നിന്നുമുള്ള ട്രാവു എഫ് സിക്ക് എതിരെ മാർച്ച് 21 നു കല്യാണി സ്റ്റേഡിയത്തിൽ കളിക്കും.