nehru-family

ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കിയ യു.പിയിലേതുൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ദയനീയ പ്രകടനത്തെ തുടർന്ന് പാർട്ടി അദ്ധ്യക്ഷ സ്ഥാനം രാജിവയ്‌ക്കാൻ സന്നദ്ധയായി കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി.യു.പിയിലെ തിരഞ്ഞെടുപ്പ് ചുമതലവഹിച്ചിരുന്ന പ്രിയങ്കാ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. രാഹുലും നാളെ രാജിസന്നദ്ധത അറിയിച്ചേക്കുമെന്നാണ് സൂചന.

നാളെ നടക്കുന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിലാണ് മൂവരും രാജിസന്നദ്ധത അറിയിക്കുക. ഇതാദ്യമായല്ല സോണിയയും രാഹുലും പാർട്ടി സ്ഥാനങ്ങൾ രാജിവയ്‌ക്കാൻ ഒരുങ്ങുന്നത്. സാധാരണയായി നെഹ്രു കുടുംബത്തിന് പിന്തുണ നൽകുന്നവർ പോലും പിന്തുണയ്‌ക്കാതിരിക്കുകയും 56 അംഗ വർക്കിംഗ് കമ്മിറ്റിയിലെ ചില അംഗങ്ങൾ മാറ്റത്തിനായി ആവശ്യപ്പെടുകയും ചെയ്‌തതോടെയാണ് ഞായറാഴ്‌ച വൈകിട്ട് 4.30ഓടെ യോഗം ചേരുന്നതിന് തീരുമാനിച്ചത്. എന്നാൽ ഇത് ഇവരുടെ സമ്മർദ്ദ തന്ത്രമാണോ എന്ന സംശയവും ദേശീയതലത്തിലുണ്ട്.

ഗ്രൂപ്പ് 23ലെ നേതാക്കളുടെ കടുത്ത സമ്മർദ്ദം നാളെ യോഗം ചേരുന്നതിന് കാരണമായുണ്ട്. സോണിയാ ഗാന്ധിയ്‌ക്ക് പകരം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ അദ്ധ്യക്ഷനായും മല്ലികാർജുന ഖാർഗെയെ പാർലമെന്ററി പാർട്ടി നേതാവാക്കാനും നെഹ്രു കുടുംബത്തിൽ ആലോചനയുള‌ളതായി സൂചനയുണ്ട്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പ്രകടനം കാരണമാണ് രാഹുൽ ഗാന്ധി പാർട്ടി അദ്ധ്യക്ഷസ്ഥാനം രാജിവച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ ചിലയിടങ്ങളിൽ പ്രാദേശിക പാർട്ടികൾ പിടിച്ചത്ര വോട്ട് പോലും കോൺഗ്രസിന് നേടാനായില്ല.