
പനാജി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിജയത്തിന് പിന്നാലെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഗവർണർ പി.എസ് ശ്രീധരൻ പിള്ളയ്ക്ക് രാജി സമർപ്പിച്ചു. രാജ് ഭവനിൽ നേരിട്ടെത്തിയാണ് രാജിക്കത്ത് നൽകിയത്. അതേസമയം, പുതിയ സർക്കാർ രൂപീകരിക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ സാവന്തിനോട് ഗവർണർ നിർദ്ദേശിച്ചു.
അടുത്ത മുഖ്യമന്ത്രിയായി ആരെ തിരഞ്ഞെടുക്കും എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കേന്ദ്ര നേതൃത്വം സംസ്ഥാനത്തേക്ക് അയയ്‌ക്കുന്ന നിരീക്ഷകരുടെ നിലപാട് അനുസരിച്ചും നേതാവിന് ലഭിക്കുന്ന പിന്തുണ പരിഗണിച്ചുമായിരിക്കും പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുക. നിലവിൽ പ്രമോദിന്റെയും കാബിനറ്റ് മന്ത്രി വിശ്വജിത്ത് റാണെയുടേയും പേരുകളാണ് മുഖ്യ സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്നത്. 2017 ലാണ് കോൺഗ്രസ് വിട്ട് വിശ്വജിത്ത് റാണെ ബി.ജെ.പിയിൽ എത്തിയത്.
2019ൽ മനോഹർ പരീക്കറിന്റെ മരണത്തെ തുടർന്നാണ് പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയായി ചുമതലയേറ്റത്.